ബിജെപിക്ക് വന്‍ തിരിച്ചടി; കര്‍ണാടകയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ്; രഹസ്യബാലറ്റ് അനുവദിച്ചില്ല

Posted on: May 18, 2018 10:56 am | Last updated: May 19, 2018 at 11:05 am

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് സിക്രി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഉത്തരവിട്ടത്. വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസും ജെഡിഎസും കോടതിയെ അറിയിച്ചു.

എന്നാല്‍, ബിജെപിയും ഈ നിര്‍ദേശത്തെ എതിര്‍ത്തു. കൂടുതല്‍ സമയം ആവശ്യമാണെന്ന് ബിജെപി വാദിച്ചു. എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും പൂട്ടിയിട്ടിയിരിക്കുകയാണെന്നും അതിനാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച വരെ സമയം ആവശ്യമാണെന്നു ബിജെപി വാദിച്ചു. എന്നാല്‍, കോടതി ഈ ആവശ്യം തള്ളി. മാത്രമല്ല, രഹസ്യവോട്ട് വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യവും തള്ളി. ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നിയമിക്കുന്നതും തടഞ്ഞു. ഇത് രണ്ടും ബിജെപിക്ക് തിരിച്ചടിയാണ്. യെദ്യൂരപ്പ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ തടഞ്ഞില്ല എന്നത് മാത്രമാണ് ബിജെപിക്ക് ആശ്വാസം. സുരക്ഷ നല്‍കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള സഖ്യം വ്യത്യസ്തമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം ശരിയോ തെറ്റോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടിതി നിരീക്ഷിച്ചു.
യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിക്ക് കൈമാറി. ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കത്തുകള്‍ കൈമാറിയത്. കത്ത് റോത്തഗി വായിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന രീതിയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്. മറ്റുള്ളവരുടെ പിന്തുണ തനിക്ക് ഉണ്ട് എന്ന് പറയുന്നതാണ് രണ്ടാമത്തെ കത്ത്. കോണ്‍ഗ്രസ്- ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടെന്നും ബിജെപി ആരോപിച്ചു. സര്‍ക്കാറിന് ഭൂരിപക്ഷമില്ല എന്നത് പ്രചാരണം മാത്രമെന്നും കോണ്‍ഗ്രസ്- ബിജെപി അംഗങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബിജെപി കോടതിയെ അറിയിച്ചു.
ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്തിന്റെ നിയമസാധുതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുമ്പ് ബിജെപി കത്തുകള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ബിജെപിക്ക് 15 ദിവസം സമയം അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.