പ്ലസ് വണ്‍ പ്രവേശനം: ഏകജാലകം വഴി 30 വരെ അപേക്ഷിക്കാം

Posted on: May 18, 2018 6:11 am | Last updated: May 18, 2018 at 1:00 am

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഏകജാലകം വഴി ഈ മാസം 30 വരെ അപേക്ഷിക്കാം. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് ഇന്ന് അവസാനിക്കാനിരുന്ന അപേക്ഷാതീയതി 30 വരെ നീട്ടിയത്. ഈ മാസം 30നാണ് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്.

മാര്‍ച്ച് 28ന് നടന്ന സി ബി എസ് ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വമാണ് ഫലം വൈകാന്‍ ഇടയാക്കിയത്. സി ബി എസ് ഇ പ്ലസ്ടു ഇക്കണോമിക്‌സ് ചോദ്യപേപ്പറും ഇത്തരത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ ഏപ്രില്‍ 24ന് സി ബി എസ് ഇ പുനഃപരീക്ഷ നടത്തിയിരുന്നു.

എന്നാല്‍ ചോര്‍ച്ച ആരോപണനത്തെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുമെന്ന് സി ബി എസ് ഇ വ്യക്തമാക്കിയിരുന്നെങ്കിലും പരീക്ഷകള്‍ റദ്ദാക്കുകയോ പുനഃപരീക്ഷ നടത്തുകയോ ചെയ്തിരുന്നില്ല. പത്താം ക്ലാസിലെ ഫലം ഉയര്‍ന്ന വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന കാരണത്താലാണ് പുനഃപരീക്ഷ നടത്താതിരുന്നതെന്ന് സി ബി എസ് ഇ പിന്നീട് വ്യക്തമാക്കിയിരുന്നു.