Connect with us

Kerala

എന്‍ സി അസ്താന ബി എസ് എഫിലേക്ക്; സര്‍ക്കാറിന് തലവേദനയായി വിജിലന്‍സ് ഡയറക്ടര്‍ പദവി

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക്. ഏറെ നാളുകള്‍ക്ക് ശേഷം സര്‍ക്കാര്‍ കണ്ടെത്തിയ വിജലന്‍സ് മേധാവി പദവി ഒഴിയുന്നതോടെ പുതിയൊരാളെ കണ്ടെത്തല്‍ സര്‍ക്കാറിന് തലവേദനയാകും. ജയില്‍ മേധാവി എ ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടറാക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ പരിഗണിക്കേണ്ടിവരും. ഈ രണ്ട് പേരും സര്‍ക്കാറിന്റെ വിശ്വസ്തരല്ലാത്തതിനാല്‍ നേരത്തെ പരിഗണിച്ചിരുന്നില്ല. പോലീസ് മേധാവി ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് ഏറെനാള്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. ഇരട്ടപദവി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ ഡല്‍ഹിയിലായിരുന്ന അസ്താനയെ കേരളത്തിലെത്തിച്ച് വിജിലന്‍സ് മേധാവിയാക്കുകയായിരുന്നു.

ഡി ജി പി പദവിയിലുള്ള എന്‍ സി അസ്താന ബി എസ് എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായാണ് കേന്ദ്ര സര്‍വീസിലേക്ക് പോകുന്നത്. നേരത്തെ കേന്ദ്ര സര്‍വീസില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ അസ്താന പ്രത്യേക അനുമതി വാങ്ങി ഡല്‍ഹിയില്‍ തന്നെ തുടരുകയായിരുന്നു.
കുടുംബപരമായി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന പ്രത്യേക അപേക്ഷയെ തുടര്‍ന്ന് കേരള ഹൗസില്‍ ഓഫീസര്‍ ഓഫ് സ്‌പെഷ്യല്‍ ഡ്യൂട്ടിയും പോലീസ് നവീകരണ വിഭാഗത്തിന്റെ ചുമതലയും നല്‍കി. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലി വിവാദമുണ്ടായതും അസ്താനയെ നിയമിക്കുന്നതും. ആദ്യം മുതല്‍ പദവിയില്‍ താത്പര്യക്കുറവ് പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ കേന്ദ്ര സര്‍വീസിലേക്കു പോകാന്‍ ശ്രമം തുടങ്ങിയിരുന്നു.

അസ്താന കേന്ദ്രത്തിലേക്കു മടങ്ങിപ്പോകുന്നതോടെ സീനിയറായ എ ഹേമചന്ദ്രനു കൂടി ഡി ജി പി പദവി ലഭിക്കും. എന്നാല്‍ നിലവിലെ ഡി ജി പി പദവിയുളള എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനും ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രനും ഈ പദവി നല്‍കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ല. പിന്നെയുള്ള ഡി ജി പിമാരില്‍ ബെഹ്‌റ പോലീസ് മേധാവിയും ജേക്കബ് തോമസ് സസ്‌പെന്‍ഷനിലുമാണ്.

ഈ സാഹചര്യത്തില്‍ ഹേമചന്ദ്രന് തന്നെയാണ് മുന്‍തൂക്കം. സി പി എമ്മിനും ഹേമചന്ദ്രന്‍ വരുന്നതിനോട് എതിര്‍പ്പില്ല. സംസ്ഥാനത്ത് 12 ഡി ജി പിമാരുണ്ടെങ്കിലും നാല് പേര് ഒഴികെയുള്ളവര്‍ക്ക് എ ഡി ജി പി ശമ്പളമാണ് ലഭിക്കുന്നത്. ഡി ജി പി പദവിയിലുള്ള എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിഗും കേന്ദ്ര സര്‍വീസിലേക്ക് പോകുമെന്ന് സൂചനയുണ്ട്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാറിന് അനഭിമതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത്.

Latest