Connect with us

International

കുടിയേറ്റക്കാര്‍ മൃഗങ്ങളെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില കുടിയേറ്റക്കാര്‍ മനുഷ്യരല്ല, മൃഗങ്ങളാണെന്നാണ് ട്രംപിന്റെ ആക്ഷേപം. കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ്ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് വിവാദമായ പരാമാര്‍ശം നടത്തിയത്.

“ആളുകള്‍ അമേരിക്കയിലേക്ക് വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ പുറത്താക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല, ഇവര്‍ എത്രത്തോളം മോശപ്പെട്ടവരാണെന്ന്. അവര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ അമേരിക്കയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്”- ട്രംപ് പറഞ്ഞു. അമേരിക്കയിലെ കുടിയേറ്റ നയം എം എസ് 13 പോലുള്ള അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷിത താവളം നല്‍കുകയാണ്. സുന്ദരവും ശാന്തവുമായ സഹവര്‍ത്തിത്വത്തെ അവര്‍ രക്തം ചൊരിയുന്ന കൊലക്കളമാക്കി മാറ്റിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നാസികളുടെ ഭാഷയിലാണ് ട്രംപ് സംസാരിക്കുന്നതെന്ന് കൊളാറാഡോയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി ജേര്‍ഡ് പോളിസ് പ്രതികരിച്ചു. “കുടിയേറ്റക്കാരും മനുഷ്യരാണ്. ട്രംപ് ആക്ഷേപിക്കും പോലെ മൃഗങ്ങളോ കുറ്റവാളികളോ അല്ല. ബലാത്സംഗികളോ മയക്കുമരുന്ന് കച്ചവടക്കാരോ അല്ല, അവരും മനുഷ്യരാണ്”- പോളിസ് പറഞ്ഞു.
കുടിയേറ്റത്തെ കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ട്രംപ് കള്ളം പറയുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണും ആരോപിച്ചു. റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരുടെ ട്രംപ് സ്തുതി കൊണ്ടോ ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത നയങ്ങള്‍ കൊണ്ടോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍ രംഗത്തെത്തി. ട്രംപ് കൃത്യമായി പറഞ്ഞത്, എം എസ് 13നെ കുറിച്ചാണെന്നും അവര്‍ യഥാര്‍ഥ ക്രിമിനലുകള്‍ തന്നെയാണെന്നും അദ്ദേഹം ജൂനിയര്‍ ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest