യു എസും ദക്ഷിണ കൊറിയയും ആശയ വിനിമയം നടത്തി

  • ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ അനിശ്ചിതത്വം തുടരുന്നു
  • കൊറിയന്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് ദ. കൊറിയയുടെ ഉറപ്പ്
Posted on: May 18, 2018 6:21 am | Last updated: May 18, 2018 at 12:24 am
മൈക് പോംപിയോയും കാംഗ് ക്യുംഗ് വായും (ഫയല്‍)

വാഷിംഗ്ണ്‍: ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ അനിശ്ചിതത്വം ഉടലെടുത്ത സാഹചര്യത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി കാംഗ് ക്യുംഗ് വായും അടിയന്തര ആശയ വിനിമയം നടത്തി.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തില്‍ പ്രതിഷേധിച്ച്, ജൂണ്‍ 12ന് സിംഗപൂരില്‍ നടത്താന്‍ നിശ്ചയിച്ച ട്രംപ്- ഉന്‍ ഉച്ചകോടിയില്‍ നിന്ന് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോപിയോയും ക്യുംഗ് വായും ടെലഫോണിലൂടെ ആശയവിനിമയം നടത്തിയത്. ഇത് സംബന്ധിച്ച് യു എസ് വിദേശകാര്യ മന്ത്രാലയം തന്നെയാണ് സ്ഥിരീകരണം നല്‍കിയത്. എന്നാല്‍, ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശം പുറത്തുവിടാന്‍ അവര്‍ തയ്യാറായിട്ടില്ല.

ഉത്തര കൊറിയുടെ പുതിയ നീക്കം സംബന്ധിച്ച് ദക്ഷിണ കൊറിയയുടെ നിലപാട് ക്യൂംഗ് വാ പോംപിയോയെ അറിയിച്ചതായാണ് വിവരം. ഏപ്രില്‍ 27ന് ഇരു കൊറിയകളും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കിയതായി ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു.

യു എസ്- ഉത്തര കൊറിയ ഉച്ചകോടി സാധ്യമാക്കുന്നതിന് വേണ്ടി മധ്യസ്ഥത്തിന് തയ്യാറാണെന്നും ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ, യു എസ്- ഉത്തര കൊറിയ ഭിന്നത സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പാര്‍ലിമെന്റിലും കാംഗ് ക്യുംഗ് വാ വിശദീകരണം നല്‍കി. ആണവനിരായുധീകരണം സാധ്യമാക്കുന്നതില്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണെന്ന് അവര്‍ പാര്‍ലിമെന്റിനെ അറിയിച്ചു.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ നടത്തുന്ന സൈനികാഭ്യസമാണ് ഉത്തര കൊറിയയെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ സംയുക്ത സൈനികാഭ്യാസം തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന നിലപാടാണ് അവര്‍ക്ക്. ബോധപൂര്‍വമായ സൈനിക പ്രകോപനം എന്നാണ് ഈ നീക്കത്തെ കുറിച്ച് ഉത്തര കൊറിയ പ്രതികരിച്ചത്.

തങ്ങളെ ഏകപക്ഷീയമായി ആണവനിരായുധരാക്കി മാറ്റാനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍, മുന്‍ നിശ്ചയിച്ച ഉച്ചകോടി അനാവശ്യമാണെന്നും അതുമായി മുന്നോട്ട് പോകാന്‍ താത്പര്യപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ വിദേശകാര്യ ഉപമന്ത്രി കിം കീ ഗ്വാന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തര കൊറിയന്‍ ഭീഷണിയെ കുറിച്ച് പ്രത്യേകിച്ചൊന്നും പ്രതികരിക്കാതെ, അടുത്ത മാസം നിശ്ചയിച്ച ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.