വിശുദ്ധ ഖുര്‍ആന്‍ സാധിച്ചെടുത്ത പരിവര്‍ത്തനങ്ങള്‍

Posted on: May 18, 2018 6:14 am | Last updated: May 19, 2018 at 8:27 pm

അതി മഹത്തായ ദാര്‍ശനിക നന്മയാണ് വിശുദ്ധ ഖുര്‍ആന്‍. വല്ലാത്തൊരു വശീകരണ ശക്തിയാണത്. ഒരു നവ്യമായ സൗന്ദര്യം! ഇന്നോളം കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും വലിയ സ്വാധീനവും ഉത്കൃഷ്ടതയും ഉണ്ടതിന്. അനുവാചകരുടെ ഹൃദയങ്ങളിള്‍ വിശ്വവിസ്മയമായും ഉദ്‌ബോധനമായും അനുഭവപ്പെടുന്നു.

വിശുദ്ധ ഖുര്‍ആനിനെപോലെ ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിലില്ല. വിശ്വാസം, ജീവിത വീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തി ജീവിതം, കുടുംബരംഗം, സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, ഭരണം, പെരുമാറ്റം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. കാലാതീതവും ദേശാതീതവും നിത്യന്യൂതനവുമായി ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല.

മനുഷ്യ ചിന്തയെ ജ്വലിപ്പിച്ച് വിചാര വികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ലവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത എക്കാലത്തെയും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്‌കാരത്തിനും നാഗരികതക്കും ജന്മം നല്‍കി. 114 അധ്യായങ്ങളില്‍ ആറായിരത്തിലേറെ സൂക്തങ്ങളില്‍ 86,000ത്തിലേറെ വാക്കുകളില്‍ 3,23,760 അക്ഷരങ്ങളില്‍ 30 ജുസ്ഉകളില്‍ 540 ഖണ്ഡികകളില്‍ വ്യാപിച്ചു കിടക്കുന്ന വിശുദ്ധ ഖുര്‍ആന്‍ 60,000 അമാനുഷികതകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്‍ ഇമാം റാസി വശദീകരിക്കുന്നുണ്ട്.

അറബി സാഹിത്യകാരന്മാരും അതി ബുദ്ധിശാലികളും സമ്പന്നരും വ്യവസായ പ്രമുഖരുമായ അനേകമാളുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ട്. ഉരുക്ക് മനുഷ്യനായ ഉമറും ജാഹിലിയ്യാ പണ്ഡിതനായിരുന്ന വലീദുബ്‌നു മുഗീറയും മഹാകവിയായി അറിയപ്പെട്ട ഉത്ബതുബ്‌നു അംറും ആയിരം നാക്കുകളില്‍ സംസാരിച്ചിരുന്ന കുപ്രസിദ്ധ മന്ത്രവാദിയും ആഭിചാരക്കാരനുമായിരുന്ന ഉത്ബത്തുബ്‌നു റബീഅയും ഉദാഹരണങ്ങള്‍ മാത്രം. പുഴുവിനെ ശലഭമാക്കും പോലെ കാട്ടറബികളെ സ്ഫുടം ചെയ്തു ഖലീഫമാരും അത്യുന്നത പദവികള്‍ അലങ്കരിക്കുന്നവരുമാക്കി പരിവര്‍ത്തിപ്പിച്ച് മാസ്മരിക ശക്തി ഖുര്‍ആനിന്റെ സവിശേഷതയാണ്. അന്ധകാര യുഗത്തിന്റെ രൗദ്രസ്വഭാവമുള്ള, കുറ്റകൃത്യങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കിരാത മനുഷ്യരെ സംസ്‌കാര സമ്പന്നരും അഭ്യസ്ത വിദ്യരുമാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നത് അക്ഷരാര്‍ഥത്തില്‍ നിത്യ വിസ്മയം തന്നെയാണ്. അത്രമേല്‍ വഴിവിട്ടതായിരുന്നു അവരുടെ ജീവിതം. സാക്ഷാല്‍ പിശാച്‌പോലും വഴി തിരിഞ്ഞു പോകാന്‍ മാത്രം വൃത്തികെട്ട പ്രകൃതം.

പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കി ജ്വലിച്ചു നില്‍ക്കുന്ന പവിത്രഗ്രന്ഥം ലോക ജനതക്ക് അവതീര്‍ണമായത് ഇതുപോലൊരു റമസാനിലാണ്. അവതരണകാലം മുതല്‍ അനവരതം തുടര്‍ന്നു വരുന്ന സംസ്‌കരണ പ്രക്രിയ പൂര്‍വോപരി വിജയകരമായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ അനേകായിരങ്ങളാണ് നിരന്തരം അല്ലാഹുവിന്റെ വിശുദ്ധ വചനങ്ങളുടെ ഖുര്‍ആനിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഖുര്‍ആനിന്റെ വാര്‍ഷികമായ പുണ്യറമസാന്‍ മുസ്‌ലിം സമുദായം ഖുര്‍ആനിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്ന സവിശേഷ സന്ദര്‍ഭം കൂടിയാണ്. ഖുര്‍ആനെന്ന അതിശ്രേഷടമായ അനുഗ്രഹം നമുക്ക് ലഭിച്ചതില്‍ സന്തോഷിക്കുകയും സ്രഷ്ടാവിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അല്ലാഹു വ്യക്തമായി തന്നെ പറയുന്നുണ്ട്. (സുറഃയുനുസ് 75)

”അല്ലാഹുവിന്റെ റഹ്മത്ത്, ഫള്‌ല് എന്നിവകൊണ്ട് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിക്കട്ടെ എന്ന് നബിയേ തങ്ങള്‍ പ്രഖ്യാപിക്കുക” – ഈ വചനത്തിലെ ”ഫള്‌ല്” എന്നതിന്റെ വിവക്ഷ ഖുര്‍ആനാണെന്ന് വിശ്വവിഖ്യാത ഖുര്‍ആന്‍ പണ്ഡിതനായ ഇമാം സുയൂത്വി രേഖപ്പെടുത്തുന്നുണ്ട്. (അദുര്‍റുല്‍മന്‍സൂര്‍ 4-367, റൂഹുല്‍ മആനി 4/141 നോക്കുക).