യെദ്യൂരപ്പ അധികാരമേറ്റു; കത്ത് ഇന്ന് ഹാജരാക്കണം

കേസ് ഇന്ന് വീണ്ടും പരിഗണിക്കും
Posted on: May 18, 2018 6:01 am | Last updated: May 17, 2018 at 11:33 pm
SHARE
ബി എസ് യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ജെ ഡി എസ്. എം പിമാരും എം എല്‍ എമാരും നിയമസഭാ മന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്തുന്നു

ന്യൂഡല്‍ഹി/ ബെഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് പ്രതിഷേധങ്ങള്‍ക്കിടെ ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഇന്നലെ പുലര്‍ച്ചെ സുപ്രീം കോടതി തള്ളിയിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, ജെ ഡി എസ്. എം പിമാരും എം എല്‍ എമാരും വിധാന്‍ സൗദക്ക് മുന്നില്‍ ധര്‍ണ നടത്തി.

രണ്ട് മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബഞ്ച് സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ രണ്ട് കത്തുകളും ഇന്ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ഹാജരാക്കാന്‍ അറ്റോര്‍ണി ജനറലിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത്തരത്തിലൊരു തീരുമാനിത്തിലെത്തിയത്. ഹരജി ഇന്ന് രാവിലെ 10.30ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് എ ബോബ്‌ഡെ എന്നിവരടങ്ങിയ ബഞ്ച് വീണ്ടും പരിഗണിക്കും.

ബുധനാഴ്ച രാത്രി യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതോടെയാണ് കോണ്‍ഗ്രസും ജെ ഡി എസും അര്‍ധരാത്രിയില്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ചത്. എച്ച് ഡി ദേവെഗൗഡയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുമാണ് കോടതിയെ സമീപിച്ചത്. സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ ഹരജി, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തി കൈമാറുകയായിരുന്നു. ചീഫ് ജസ്റ്റിസുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഹരജിയില്‍ വാദം കേള്‍ക്കാന്‍ ബഞ്ച് രൂപവത്കരിച്ചത്.

അതേസമയം, കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം തുടരുകയാണ്. കോണ്‍ഗ്രസ്, ജനതാദള്‍ അംഗങ്ങളെ ഒപ്പം നിര്‍ത്തി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമം ബി ജെ പി ഇന്നലെയും തുടര്‍ന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള സുരക്ഷ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ യെദ്യൂരപ്പ ഒഴിവാക്കി.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതിയെന്ന് യെദ്യൂരപ്പ പറഞ്ഞു. 222 അംഗ സഭയില്‍ ബി ജെ പിക്ക് 104 സീറ്റ് മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റുകള്‍ കൂടി വേണം. കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിന് 117 അംഗങ്ങളുടെ പിന്തുണയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here