Connect with us

Ongoing News

വികാരാധീനനായി സിദ്ധരാമയ്യ

Published

|

Last Updated

ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സിദ്ധരാമയ്യയും കുമാരസ്വാമിയും

ബെംഗളൂരു: പുതിയ കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗത്തില്‍ വികാരാധീനനായി സിദ്ധരാമയ്യ. സിദ്ധരാമയ്യയെ കുറ്റപ്പെടുത്തി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വികാരഭരിതനായി അദ്ദേഹം പ്രതികരിച്ചത്. തന്നെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ഒരു എം എല്‍ എ വെളിപ്പെടുത്തി. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലും ലിംഗായത്ത് വിഷയത്തില്‍ സര്‍ക്കാറിന്റെ നയം രൂപപ്പെടുത്തിയതിലും സിദ്ധരാമയ്യ തന്നിഷ്ടം കാണിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്. ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ജനങ്ങള്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ല എന്നത് വേദനാജനകമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ധ്രുവീകരണമാണ് തോല്‍വിയുടെ പ്രധാന കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം സമ്പൂര്‍ണ നിരാശക്ക് വഴിവെക്കുന്നതല്ലെന്നും മുഖ്യമന്ത്രി സ്ഥാനം വഹിച്ച സിദ്ധരാമയ്യയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ചില എം എല്‍ എമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്‍ന്നിരിക്കുന്നുവെന്ന് തന്നെയാണ് പ്രചാരണ വേളയില്‍ വിലയിരുത്തിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ, യോഗത്തില്‍ നിന്ന് ചില എം എല്‍ എമാര്‍ വിട്ടുനിന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിദ്ധരാമയ്യ സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായ രാമലിംഗ റെഡ്ഢി പറഞ്ഞു. മൂന്നോ നാലോ പേര്‍ എത്തിയിട്ടുണ്ടാകില്ല. അതിന് അവര്‍ വിട്ടുനിന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 117 എം എല്‍ എമാരുടെ പിന്തുണ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ട്. എന്നിട്ടും സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നില്ലെങ്കില്‍ നിയമപരമായ വഴികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര എം എല്‍ എ അടക്കം 73 എം എല്‍ എമാര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം.