കുമാരസ്വാമിയോട് മമതയുടെ മമത

Posted on: May 17, 2018 6:02 am | Last updated: May 17, 2018 at 1:04 am

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബി ജെ പി ഇതര മുന്നണിക്ക് വേണ്ടി ശ്രമം നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി എച്ച് ഡി കുമാരസ്വാമി ആശയ വിനിമയം നടത്തി.

കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവെഗൗഡയുമായും കഴിഞ്ഞ ദിവസം മമത ആശയ വിനിമയം നടത്തിയിരുന്നു. ജെ ഡി എസിന്റെ തിരഞ്ഞെടുപ്പ് നേട്ടത്തെ അഭിനന്ദിക്കാനായിരുന്നു അത്. കോണ്‍ഗ്രസുമായി ചേര്‍ന്ന കര്‍ണാടകയില്‍ ജെ ഡി എസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ അവര്‍ പങ്കുവെക്കുകയും ചെയ്തു.

ഇന്നലെ കുമാരസ്വാമിയുമായി മമത നടത്തിയ ചര്‍ച്ചയില്‍ തന്ത്രപരമായ ചില വിഷയങ്ങള്‍ ഉയര്‍ന്നുവന്നു എന്നാണ് ജെ ഡി എസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബി ജെ പിയെ അവസാന നിമിഷം വരെ സമ്മര്‍ദത്തില്‍ നിര്‍ത്തുന്ന നീക്കങ്ങളാകണം ജെ ഡി എസില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് അവര്‍ കുമാരസ്വാമിയെ ഉപദേശിച്ചതായാണ് വിവരം. കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തേണ്ട ചില തന്ത്രപരമായ നീക്കങ്ങളെ കുറിച്ചും മമത അഭിപ്രായം അറിയിച്ചുവെന്ന് കരുതുന്നു.

അതിനിടെ, മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാതിരുന്നാല്‍, ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രപതി രാംനാഥ് ഗോവിന്ദിനെ സമീപിക്കാനും കോണ്‍ഗ്രസിന് ആലോചനയുണ്ട്. മമതയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് ബി ജെ പിക്ക് അനുകൂലമായ നീക്കം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് ജെ ഡി എസ് പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി ജെ പി മുന്നേറ്റം പ്രകടമായപ്പോള്‍, നീരസം പ്രകടിപ്പിച്ചുകൊണ്ട് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി നടത്തിയ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസും ജെ ഡി എസും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടാക്കണമായിരുന്നു എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.