Connect with us

Kerala

എഫ് സി ഐ ഗോഡൗണുകളില്‍ സി സി ടി വി സ്ഥാപിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: റേഷന്‍ ധാന്യങ്ങള്‍ എത്തുന്ന എഫ് സി ഐ ഗോഡൗണുകളില്‍ സി സി ടി വി സ്ഥാപിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റമറ്റ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. റേഷന്‍ കട ഉടമകള്‍ ഗോഡൗണില്‍ പോയി അരിയുടെ തൂക്കം ഉറപ്പുവരുത്തണം. ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കും.

ആദിവാസികള്‍ക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് റേഷന്‍ വാങ്ങാന്‍ വരുന്നതിലെ പ്രയാസം തീര്‍ക്കാനും തീരുമാനമായി. ആദിവാസികള്‍ കൂടുതലുള്ള പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ കലക്ടറന്മാരോട് ഊരുകളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഒരു കേന്ദ്രം തീരുമാനിക്കാനും വനംവകുപ്പിന്റെ വാഹനത്തില്‍ റേഷന്‍ സാധനങ്ങള്‍ അവിടെ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 1,374 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ വച്ച് റേഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും 1,68,567 പേരെ നീക്കം ചെയ്ത് അര്‍ഹരെ ഉള്‍പ്പെടുത്തി.

കുറ്റമറ്റ വിതരണ സമ്പ്രദായം ഉറപ്പാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്താന്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി ധാരണാ പത്രം ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ റേഷന്‍ വ്യാപാരികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
അതേസമയം, ഒരു കാര്‍ഡിലും ഉള്‍പ്പെടാത്ത 75,000 ഓളം കുടുംബങ്ങള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ കാര്‍ഡ് നല്‍കുമെന്നും പുതിയ കാര്‍ഡിനുള്ള അപേക്ഷ ജൂണ്‍ ഒന്ന് മുതല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച റേഷന്‍ കടയുടെ ഉദ്ഘാടനവും വാതില്‍പ്പടി വിതരണം, കമ്പ്യൂട്ടര്‍വത്കരണം, ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കല്‍, പോര്‍ട്ടബിലിറ്റി സൗകര്യം തുടങ്ങി ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിലെ വ്യവസ്ഥകള്‍ കേരളം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനവും നാളെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest