മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കുമാരസ്വാമി പ്രചാരണം തുടങ്ങിയത് യു എ ഇയില്‍

Posted on: May 16, 2018 8:19 pm | Last updated: May 16, 2018 at 8:19 pm
എച്ച് ഡി കുമാരസ്വാമി ദുബൈ സിറാജ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍. മാണ്ഡ്യ എം പി പുട്ടരാജ്, ജെ ഡി എസ് കര്‍ണാടക ജനറല്‍ സെക്രട്ടറി ബി എം ഫാറൂഖ് സമീപം

ദുബൈ: കര്‍ണാടകയില്‍ ജനതാദള്‍ നേതാവ് എച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകാനിരിക്കെ യു എ ഇ യിലും ആഹ്ലാദിക്കാന്‍ ഏറെ പേരുണ്ട്. കഴിഞ്ഞ വര്‍ഷം കുമാരസ്വാമിക്കും സംഘത്തിനും ആതിഥ്യം അരുളിയ ഇന്ത്യക്കാരാണവര്‍. ഒരാഴ്ചയോളമാണ് ജനതാദള്‍ നേതാക്കള്‍ അബുദാബിയിലും ദുബൈയിലുമായി താമസിച്ചത്. കുമാരസ്വാമി കുടുംബ സമേതമായിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനു വേണ്ടിയാണ് ജനതാദള്‍ നേതാക്കളെക്കൂട്ടി കുമാരസ്വാമി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യു എ ഇ യില്‍ എത്തിയത്. മാണ്ട്യയില്‍ നിന്നുള്ള ലോക്‌സഭാഗം പുട്ടരാജു, കര്‍ണാടക ദള്‍ ജനറല്‍ സെക്രട്ടറി ബി എം ഫാറൂഖ് ഫിസ്സ എന്നിവര്‍ സംഘത്തിലെ പ്രധാനികളായിരുന്നു. അവര്‍ കര്‍ണാടകയില്‍ സ്വാധീനമുള്ള യു എ ഇ യിലെ പൗര പ്രമുഖരെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. ദുബൈയിലെ മര്‍കസ്, സിറാജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. കര്‍ണാടകയില്‍ ജനതാദളിന് അനുകൂല സാഹചര്യമുണ്ടെന്നു കുമാരസ്വാമി സിറാജ് മജ്ലിസില്‍ വ്യക്തമാക്കിയിരുന്നു. മുമ്പ്, ബി ജെ പി യുമായി കൂട്ടു ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നും അധികാരത്തിനു വേണ്ടി പോലും ബി ജെ പിയുമായി സഖ്യം ഉണ്ടാക്കില്ലെന്നും പറഞ്ഞു. കര്‍ണാടക വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅദി കുമാരസ്വാമിയെ അനുഗമിച്ചിരുന്നു. ഭട്കല്‍, മൈസൂരു ഭാഗത്തു നിന്നുള്ള ധാരാളം ആളുകള്‍ അന്ന് കുമാരസ്വാമിയെ ഹോട്ടലില്‍ ചെന്നു കണ്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ കുമാരസ്വാമിക്ക് കഴിഞ്ഞു.

ബി ജെ പി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി സമദൂരം പുലര്‍ത്തിയിരുന്ന കുമാരസ്വാമി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വാക്കു പാലിച്ചു. രഹസ്യ നീക്കു പോക്കു പോലും നടത്തിയില്ല. അഭിപ്രായ സര്‍വേകള്‍ എഴുതി തള്ളിയിട്ടും ശക്തി കേന്ദ്രങ്ങളില്‍ ഒറ്റയ്ക്ക് തന്നെ മത്സരിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സീറ്റ് മാത്രമാണ് കുറവ്. ബി ജെ പി തരംഗത്തില്‍ ദള്‍ കോട്ടകള്‍ ആടിയുലഞ്ഞില്ല. മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ എച് ഡി ദേവഗൗഡ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചെടുത്ത സ്വാധീനം അതേപടി നിലനില്‍ക്കുന്നുണ്ടെന്നു തെളിയിക്കുകയും ചെയ്തു. ചന്നപട്ടണം അസംബ്ലി മണ്ഡലത്തില്‍ 25000 വോട്ടിന്റെ ഭൂരിപക്ഷമാണ് കുമാരസ്വാമി നേടിയത്.

ജനതദളിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചതും കുമാരസ്വാമിക്ക് കരുത്തു നല്‍കുന്നു. അതേസമയം കോണ്‍ഗ്രസ് എത്ര കാലം ജനതാദളിനെ പിന്തുണക്കും എന്ന് പറയാന്‍ വയ്യ. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എം എല്‍ എമാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞു ബി ജെ പി പാളയത്തില്‍ എത്തിയാല്‍ മനക്കോട്ടകള്‍ തകരും.