ഇന്തോനേഷ്യയില്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം; ഒരു പോലീസ് ഉദ്യോഗസ്ഥനും നാല് അക്രമികളും കൊല്ലപ്പെട്ടു

Posted on: May 16, 2018 2:19 pm | Last updated: May 16, 2018 at 3:46 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ വാളുകളും തോക്കുകളുമായി എത്തിയ നാല് പേര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അക്രമികളെ പിന്നീട് സുരക്ഷാ സേന വെടിവെച്ച് കൊന്നു. റിയു പ്രവിശ്യയിലെ പകാന്‍ബാരുവിലെ പോലീസ് അസ്ഥാനത്തേക്ക് മിനി വാനിലാണ് അക്രമി സംഘമെത്തിയത്. അഞ്ചാമനായ വാന്‍ ഡ്രൈവറെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി.

പോലീസ് ആസ്ഥാനത്തേക്ക് അക്രമികള്‍ വരുകയായിരുന്ന വാഹനം സുരക്ഷാ സേന തടഞ്ഞപ്പോള്‍ വാഹനത്തില്‍നിന്നും ഇറങ്ങിയവര്‍ പോലീസുകാരെ അക്രമിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പോലീസ് ആസ്ഥാനത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അതിന് തൊട്ട് മുമ്പ് ഇസില്‍ ബന്ധമുള്ള കുടുംബം ക്രിസ്ത്യന്‍ പള്ളിയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല