എംഎല്‍എമാര്‍ക്ക് ബിജെപി നൂറ് കോടിവരെ വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി

Posted on: May 16, 2018 12:41 pm | Last updated: May 16, 2018 at 3:16 pm

ബെംഗളൂരു: ജെഡിഎസ് നിയമസഭാ കക്ഷി നേതാവായി എച്ച്ഡി കുമാരസ്വാമിയെ തിരഞ്ഞെടുത്തു. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ കുമാരസ്വാമി അപലപിച്ചു. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

ചില ജെഡിഎസ് എംഎല്‍എമാരെ പിടിക്കാന്‍ ബിജെപി നൂറ് കോടിയും മന്ത്രിപദവും വാഗ്ദാനം ചെയ്തുവെന്നും കുമാരസ്വാമി ആരോപിച്ചു. പ്രധാനമന്ത്രി കള്ളപ്പണത്തെക്കുറഇച്ച് പറയുന്നു. ചില ബിജെപിക്കാര്‍ നൂറ് കോടിയും കാമ്പിനറ്റ് പദവിയും വാഗ്ദാനം ചെയ്യുന്നു. നൂറ് കോടി കള്ളപ്പണമാണോയെന്നും കുമാരസ്വാമി ചോദിച്ചു. ജനവിധിയില്‍ പൂര്‍ണ സന്തോഷം ഇല്ല, എന്നാല്‍, തൂക്കു സഭ ഉണ്ടായതില്‍ ജനങ്ങളെ കുറ്റംപറയാന്‍ ആവില്ല.ബിജെപിയുമായി സഖ്യത്തിനില്ല. പിന്തുണക്ക് കോണ്‍ഗ്രസിന് നന്ദി പറയുകയാണ്- കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജെഡിഎസിന്റെ രണ്ട് എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തിനെത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍.