Connect with us

National

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: റീ പോളിംഗ് പുരോഗമിക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റീ പോളിംഗ് പരോഗമിക്കുന്നു. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് റീപോളിംഗ്. മുര്‍ഷിദാബാദില്‍ 63 ഇടങ്ങളിലും കുച്ച്‌ബെഹാര്‍ 52ഉം പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ 28ഉം ഹൂഗ്ലിയില്‍ പത്തും ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് ഫല പ്രഖ്യാപനം.
പശ്ചിമ മിഡ്‌നാപൂരിലെ ഗോള്‍പൊഖാറില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ലാത്തിച്ചാര്‍ജ് നടത്തി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമാണ് തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ അരങ്ങേറിയത്. 12 പേര്‍ കൊല്ലപ്പെടുകയും അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് 73 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. സൗത്ത് 24 പര്‍ഗാനാസ്, പശ്ചിമ മിഡ്‌നാപൂര്‍, കൂച്ച്ബിഹാര്‍ ജില്ലകളില്‍ സംഘര്‍ഷവും ബൂത്ത്പിടുത്തവരും റിപ്പോര്‍ട്ട് ചെയ്തു. 58,692 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 20,076 സീറ്റുകളില്‍ അംഗങ്ങളെ മത്സരമില്ലാതെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ബി ജെ പി, സി പി എം, ടി എം സി പ്രവര്‍ത്തകര്‍ തമ്മിലാണ് പ്രധാനമായും സംഘര്‍ഷം നടക്കുന്നത്. പത്രികാ സമര്‍പ്പണം തൃണമൂല്‍ തടയുന്നുവെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് പത്രികാ സമര്‍പ്പണം ദീര്‍ഘിപ്പിച്ചിരുന്നു.