Connect with us

Kerala

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത് സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

ഡോക്ടര്‍മാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒഴിവ് വരുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് ജോലി ലഭിക്കാത്തത് പൊതുപുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് ഉടന്‍ പരിഹരിക്കാനാകും. തൊഴിലില്ലായ്മാ വേതനം പുതുക്കുന്നത് സംബന്ധിച്ച് യുവജന സംഘടനകളുമായി ചര്‍ച്ച നടത്തും.

താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ വ്യാജപ്രചാരണം നടക്കുന്നതിനാല്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യുവജനത ജാഗ്രത പാലിക്കണം. വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ഇതിന്റെ ഉദാഹരണമാണെന്നും സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ മന്ത്രി എ സി മൊയ്തീന്‍, യുവജനകാര്യ സെക്രട്ടറി ടി ഒ സൂരജ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ പി ബിജു, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.