Connect with us

Gulf

റമസാനില്‍ ചലഞ്ച് റേസ്; അറബി അറിയുന്നവര്‍ക്ക് ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങള്‍

Published

|

Last Updated

ദുബൈ എമിഗ്രേഷന്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ചലഞ്ച് റേസിന്റെ പ്രയോജകര്‍
മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറിനൊപ്പം

ദുബൈ: ഈ വര്‍ഷവും ദുബൈ എമിഗ്രേഷന്‍ ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളൊരുക്കി പെതു ജനങ്ങള്‍ക്കായി സാബാഖു-ത്തഹ്ത്തി അഥവാ ചലഞ്ച് റേസ് എന്ന ബോധവത്കരണ പ്രശ്‌നോത്തരി സംഘടിപ്പിക്കും.

നൂര്‍ ദുബൈ റോഡിയോ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് എമിഗ്രേഷന്‍ വകുപ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് (ദുബൈ എമിഗ്രേഷന്‍)അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ അറിയിച്ചു. നന്നായി അറബി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന പൊതുജനങ്ങള്‍ക്ക് ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. മത്സര വിജയികള്‍ക്ക് ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളും കാറുകളും മറ്റും ലഭിക്കും. രാജ്യത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനം റോഡിയോ വഴി ആദ്യമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പ്രശ്‌നോത്തരി പരിപാടിയാണ് ചലഞ്ച് റേസ്. എട്ട് വര്‍ഷമായി ഇത്തരത്തില്‍ റമസാനില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടി സംഘടിപ്പിച്ചുവരുന്നു.

റമസാന്‍ ഒന്ന് മുതലാണ് പരിപാടി. ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെയാണ് മത്സര സമയം. യു എ ഇയിലെ അറബി ഭാഷാ പഠന മേഖലയിലെ പ്രമുഖകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് യുസഫാണ് പരിപാടിയുടെ അവതാരകന്‍. മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ താമസ -കുടിയേറ്റ വകുപ്പിന്റെ സോഷ്യല്‍ മിഡിയ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും.

2010 മുതലാണ് ചലഞ്ച് റേസ് വകൂപ്പ് സംഘടിപ്പിച്ചു വരുന്നത്. കലാ സാംസ്‌കാരിക സാമൂഹിക-ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്‌ലാമിക ചിന്തകളുമാണ് ചലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്. ദേശീയ മൂല്യങ്ങളും സാംസ്‌കാരികവും സാമൂഹികവുമായ അവബോധം പെതുജനങ്ങളില്‍ സ്യഷ്ടിക്കുക എന്നതാണ് ഇത്തരത്തിലുള പരിപാടി കൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറൂര്‍ അറിയിച്ചു. സമീപ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഇതുവരെ ഒട്ടനവധി പേര്‍ക്കാണ് ചലഞ്ച്‌റേസിന്റെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ളത്.

അറബി ഭാഷയുടെ പ്രചാരണവും യു എ ഇയുടെ മഹത്തായ സംസ്‌കാരവും ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിചിതമാകാന്‍ ഇത്തരത്തിലുള്ള പരിപാടി ഏറെ ഉപകരിക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. മഹത്തായ സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇമാറാത്തിന്റെ പാരമ്പര്യ നേട്ടങ്ങളെയും രാജ്യത്തിന്റെ ചരിത്ര അറിവുകളും പഠിക്കാന്‍ ഈ പരിപാടി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പിന്റെ പ്രധാന ഓഫീസായ ജാഫ്‌ലിയയില്‍ വിളിച്ചചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പരിപാടിയുടെ പ്രയോജകരുമായി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇമാടെക്, യുണിയന്‍ കോപ്, ഫ്‌ളൈ ദുബൈ, അല്‍ ഗാന്ധി ഓട്ടോ, എ ഡബ്ല്യു റൊസ്തമാനി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രയോജകര്‍.

Latest