ബി ജെ പി ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു: മോദി

Posted on: May 15, 2018 10:05 pm | Last updated: May 15, 2018 at 10:05 pm

ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബി ജെ പി എന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം ഈയിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ തിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബി ജെ പി ജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ലെന്നും കര്‍ണാടകത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും മോദി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനു പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.

ദക്ഷിണേന്ത്യ-ഉത്തരേന്ത്യ എന്നിങ്ങനെ രണ്ടായി രാജ്യത്തെ വിഭജിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും ഇത്തരം നയങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പു വിജയം സന്തോഷം പകരുമ്പോഴും വാരാണസിയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടം തന്നെ അതീവ ദുഃഖിതനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.