Connect with us

National

കര്‍ണാടക: ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യം സർക്കാർ രൂപവത്കരണത്തിന്; ഗവർണറുടെ തീരുമാനം അന്തിമം

Published

|

Last Updated

കര്‍ണാടക: കര്‍ണാടകയില്‍ നിയമസഭാ ഫലപ്രഖ്യാപനം ഏതാണ്ട് അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ നാടകീയ നീക്കങ്ങൾ സജീവം.  കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായി. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം സോണിയാ ഗാന്ധി നേരിട്ട് ദേവഗൗഡയെ അറിയിച്ചിട്ടുണ്ടെന്നറിയുന്നു. മന്ത്രിസഭയില്‍ അംഗമാകുന്ന കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദം കൈയാളും. ഉപമുഖ്യമന്ത്രി പദത്തിന് പുറമെ പ്രധാനപ്പെട്ട ചില വകുപ്പുകളിലും കോണ്‍ഗ്രസിന്റെ മന്ത്രിമാരുണ്ടാകും.

കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടും. അതേ സമയം കര്‍ണാടക പിസിസി അധ്യക്ഷനേയും സംഘത്തേയും ഗവര്‍ണര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.പരമേശ്വരയുടെ നേത്യത്വത്തിലുള്ള സംഘത്തേയാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 104 സീറ്റില്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. 78 സീറ്റില്‍ കോണ്‍ഗ്രസസും 37 സീറ്റില്‍ ജെഡിഎസും മുന്നിട്ടു നില്‍ക്കുകയാണ്. ലീഡ് നിലയില്‍ മുന്നേറുന്ന മൂന്ന് സ്വതന്ത്രര്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നറിയുന്നു.

അതേസമയം സർക്കാർ രൂപവത്കരണകാര്യം ഇപ്പോൾ ഗവർണറുടെ ക്വാർട്ടിലാണ്. ഗവർണർ എന്ത് തീരുമാനം എടുക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും കർണാടകയുടെ ഭാവി. കർണാടക തിരഞ്ഞെടുപ്പിൽ അന്തിമ ഫലം പുറത്ത് വരുന്നത് വരെ ആരെയും കാണില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഘട്ടത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്നാണ് കീഴ്വഴക്കം. എന്നാൽ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടും ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാൻ ഗവർണർമാർ തീരുമാനമെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതേ രീതി കർണാടക ഗവർണർ സ്വീകരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ബിജെപി പശ്ചാത്തലത്തിൽ നിന്ന് വന്ന ഗവർണർ അതിന് തയ്യാറാകുമോ എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്.

Latest