മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ

Posted on: May 15, 2018 6:17 am | Last updated: May 15, 2018 at 12:19 am

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നുവെന്ന് സര്‍വേ. സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സന്നദ്ധ സംഘടനാ കൂട്ടായ്മ നടത്തിയ സര്‍വേയാണ് സര്‍ക്കാര്‍ അനുകൂലികള്‍ക്ക് നിരാശ സമ്മാനിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജനപ്രീതി കുത്തനെ ഇടിയുകയാണെന്നും സംതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ ഏഴ് ശതമാനം കുറവു ണ്ടായെന്നും സര്‍വേ വ്യക്തമാക്കുന്നു. വര്‍ഗീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതാണ് പ്രധാനമായും മോദിയുടെ ജനപ്രീതി ഇടിക്കുന്നത്.

2016ല്‍ 64 ശതമാനം പേരാണ് മോദിയില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അത് 61 ശതമാനമായി ഇടിഞ്ഞു. ഇത് നാല് ശതമാനം കൂടി താഴ്ന്ന് 57 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ഇടിച്ചില്‍ തുടരുമെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സാധ്യത തകര്‍ക്കുന്ന നിലയിലേക്ക് അത് വളരുമെന്നും സര്‍വേയുടെ വിശകലനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക പ്രതിസന്ധിയാണ് മോദി സര്‍ക്കാറിന്റെ ശോഭ കെടുത്തിയ മറ്റൊരു വശം. നോട്ട് നിരോധനം കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ സര്‍ക്കാറിനായില്ല.