Connect with us

Articles

ലോകത്തോളം വളര്‍ന്ന ശാസ്ത്രകാരന്‍

Published

|

Last Updated

ശാസ്ത്ര ലോകത്തെ മലയാളി സാന്നിധ്യം ഡോ. ഇ സി ജി സുദര്‍ശന്‍ വിട വാങ്ങുമ്പോള്‍ നികത്താനാകാത്ത നഷ്ടമാണ് അതുണ്ടാക്കുന്നത്. ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീനിന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ചു ഇ സി ജി സുദര്‍ശന്‍ എന്നറിപ്പെടുന്ന എണ്ണക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഈ ശാസ്ത്ര പ്രതിഭ. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് ക്വാണ്ടം സീനോ ഇഫക്ട് എന്നറിയപ്പെട്ടു. “പ്രകാശപരമായ അനുരൂപ്യം” എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദര്‍ശന്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിന്റെ അടുത്തെത്തിയെങ്കിലും മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായവാദത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഒമ്പതു വട്ടം ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തനിക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തത്പരകക്ഷികളുടെ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകള്‍ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകര്‍ത്തി സ്വന്തമാക്കുകയും ചെയ്ത പ്രമുഖരെ സുദര്‍ശന്‍ പേരെടുത്തു പറയുകയുണ്ടായി.

കോട്ടയം ജില്ലയിലെ പള്ളം എണ്ണക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മൂന്നാമത്തെ മകനായി 1931 സെപ്തംബര്‍ 16 നാണ് എണ്ണക്കല്‍ ചാണ്ടി ജോര്‍ജിന്റെ ജനനം. ഹിന്ദുമതത്തില്‍ ആകൃഷ്ടനായാണ് എണ്ണക്കല്‍ ചാണ്ടി ജോര്‍ജ് ഇ സി ജി സുദര്‍ശനനായത്.
ട്രഷറി ഉദ്യോഗസ്ഥനായ പിതാവ് ചാണ്ടി നല്ലൊരു പുസ്തകപ്രേമിയായിരുന്നു. അതിന്റെ ഫലമായി വീട്ടില്‍ ഒരു മികച്ച ഗ്രന്ഥശേഖരമുണ്ടായി. പിതാവിന്റെ ഗ്രന്ഥങ്ങള്‍ കുഞ്ഞ് സുദര്‍ശനനെ അറിവിന്റെ മാസ്മരിക ലോകത്ത് വ്യത്യസ്തനാക്കുന്നതിന് സാഹായിച്ചു. അമ്മയും സുദര്‍ശനന്റെ ശാസ്ത്രവളര്‍ച്ചക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. പിതാവായിരുന്നു ബാല്യത്തില്‍ സുദര്‍ശന്റെ ഗുരു. അദ്ദേഹം പറഞ്ഞുകൊടുത്ത അറിവുകള്‍ കുഞ്ഞ് സുദര്‍ശന് ഫിസിക്‌സിന്റെ ലോകത്തേക്കുള്ള ചവിട്ടുപടികളായി മാറി.

അദ്ദേഹത്തിന് നാലഞ്ച് വയസ്സുള്ളപ്പോള്‍ വീട്ടിലെ ഗ്രാന്‍ഡ്ഫാദര്‍ ക്ലോക്കില്‍ പിതാവ് അഴിച്ചുപണികള്‍ നടത്തുമ്പോള്‍ അദ്ദേഹവും അത് നോക്കിനില്‍ക്കുമായിരുന്നു. അപ്പോള്‍ ക്ലോക്കിന്റെ അകത്തെ പ്രവര്‍ത്തനരീതികളെക്കുറിച്ച് പിതാവ് സുദര്‍ശന് വിവരിച്ച് നല്‍കുമായിരുന്നു. ആ കുട്ടി മനസ്സില്‍ ഫിസിക്‌സിനോട് സ്ഥായിയായ താത്പര്യം കൊളുത്തിവെക്കുകയാണ് പിതാവ് ചെയ്തത്. ചെറുപ്പത്തില്‍, എണ്ണയിടാന്‍ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛന്‍ ഘടികാരത്തിനുള്ളിലെ ചക്രങ്ങള്‍ കണ്ടപ്പോഴാണ് തന്നില്‍ ശാസ്ത്രകൗതുകം ഉണര്‍ന്നതെന്ന് സുദര്‍ശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഘര്‍ഷണം, ഊര്‍ജം, ദോലനം തുടങ്ങിയ സംഗതികളെപ്പറ്റി പ്രാഥമിക ധാരണ ആ ബാലമനസ്സില്‍ ഉരുത്തിരിയുന്നത് അങ്ങനെയാണ്. അമ്മ അച്ചാമ്മ കണക്കിലെ നല്ല ഒരു അധ്യാപികയായിരുന്നു. അമ്മ പറഞ്ഞുകൊടുത്ത കണക്കിന്റെ ബാലപാഠങ്ങള്‍ പിന്നീട് സുദര്‍ശന് വഴികാട്ടിയായി. ആ പാഠങ്ങള്‍, അതായിരുന്നു അവനെ ആവേശഭരിതനാക്കിയ ഘടകവും. ഫിസിക്‌സില്‍ പിതാവും ഗണിതത്തില്‍ മാതാവും കൊളുത്തിയ അഭിനിവേശമാണ്, പ്രപഞ്ചരഹസ്യങ്ങള്‍ തേടുന്നവനായി സുദര്‍ശനെ വളര്‍ത്തിയതെന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല.

ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സ് (എസ് ആര്‍ ഐ ബി എസ്) എന്ന പേരില്‍ ഉന്നതശാസ്ത്ര വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ ആദ്യ ഇന്‍സ്റ്റിറ്റിയൂട്ട് പാമ്പാടി ആര്‍ ഐ ടി(രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജി)യില്‍ തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനാക്കിയത് ഡോ. ഇ സി ജി സുദര്‍ശനനെയാണ്. രാജ്യാന്തര പ്രശസ്തനായ മലയാളി ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജിയെ അല്ലാതെ 10 അംഗ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദേശിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ലായിരുന്നു. നിലവില്‍ ഇ സി ജി സുദര്‍ശന്‍ തന്നെയാണ് അക്കാദമിയുടെ ഭരണസമിതി അധ്യക്ഷന്‍. അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നതിന് മുമ്പ് സുദര്‍ശന്‍ ആര്‍ ഐ ടി ക്യാമ്പസ് സന്ദര്‍ശിച്ചു. എസ് ആര്‍ ഐ ബി എസ് ഔദ്യോഗിക ഉദ്ഘാടനം 2013ല്‍ ഫെബ്രുവരി ഏഴിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു. അന്ന് സുദര്‍ശനുണ്ടായിരുന്നു. പിന്നീട് എസ് ആര്‍ ഐ ബി എസില്‍ നടന്ന മൂന്ന് ദിവസത്തെ തിയററ്റിക്കല്‍ ഫിസിക്‌സില്‍ ക്ലാസെടുക്കാന്‍ സുദര്‍ശന്‍ എത്തിയതായി അധ്യാപകര്‍ പറയുന്നു.

സുദര്‍ശന്‍ യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ഒരു മലയാളി ശാസ്ത്രപ്രതിഭയെയാണ്.

Latest