വന്‍ തീ പിടുത്തം: മറീനയില്‍ ആഢംബര കെട്ടിടം നശിച്ചു; ഔട്‌ലെറ്റ് മാളിലേത് തീവെപ്പ്

Posted on: May 14, 2018 10:00 pm | Last updated: May 14, 2018 at 10:00 pm
ദുബൈ മറീനയില്‍ കെട്ടിടത്തിന് തീ പിടിച്ചപ്പപ്പോള്‍

ദുബൈ: ധാരാളം ആഢംബര കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ മറീനയില്‍ വന്‍ തീപിടുത്തം. 14 നിലയുള്ള സെന്‍ താമസ കെട്ടിടത്തിനാണ് ഇന്നലെ രാവിലെ തീ പിടിച്ചത്. കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. പരിസരത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി അഗ്നിശമന യൂണിറ്റുകള്‍ തീ അണക്കാന്‍ എത്തി. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് സായിദ് റോഡിനു സമീപമാണ് സെന്‍ കെട്ടിടം. മറീന മാളിന് അടുത്താണിത്്. കെട്ടിടത്തില്‍ മികച്ച അഞ്ചു ബെഡ് റൂം ഫ്ളാറ്റുകളുമുണ്ട്. കുടുംബങ്ങളാണ് കൂടുതലും. ചില ഫ്ളാറ്റുകള്‍ പൂര്‍ണമായും നശിച്ചു. മറീനയില്‍ നേരത്തെയും അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തവണ കനത്ത കാറ്റ് കാരണം തീ വേഗം പടര്‍ന്നു. ആര്‍ക്കും അപായം നേരിട്ടിട്ടില്ലെന്ന് ദുബൈ മീഡിയ അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം ഔട്‌ലെറ്റ് മാളിനു സമീപം 11 കാറുകള്‍ കത്തിനശിക്കാന്‍ ഇടയായ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശിയായ ഒരു ബസ് ഡ്രൈവറാണ് അറസ്റ്റിലായത്. മറ്റൊരു ഡ്രൈവറുമായി നടന്ന വാക്തര്‍ക്കത്തെ തുടര്‍ന്നാണ് തീവെപ്പ്.