Connect with us

Gulf

അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആദ്യ കാര്‍ഗോ ക്രൂഡ് ഓയില്‍ കയറ്റുമതി

Published

|

Last Updated

ഇന്ത്യയിലേക്ക് അബുദാബിയിലുള്ള കാര്‍ഗോ ക്രൂഡ് ഓയില്‍ കയറ്റുമതി ഉദ്ഘാടനം

അബുദാബി: ഇന്ത്യ-യു എ ഇ ചരിത്രത്തിലെ ആദ്യത്തെ കാര്‍ഗോ ക്രൂഡ് ഓയില്‍ കയറ്റുമതി കര്‍ണാടകത്തിലെ മംഗഌരുവിലെ ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡിന്റെ (ഐ എസ് പി ആര്‍ എല്‍) കമ്പനിയിലേക്ക് കയറ്റി അയച്ചു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും ദേശീയ ഓയില്‍ കമ്പനിയായ അഡ്‌നോകും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരത്തിന് അടുത്തുള്ള ചിക് മംഗളൂരില്‍ 50. 86 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണി ഒരുക്കിയിട്ടുള്ളത്.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ അഡ്‌നോക് ഗ്രൂപ്പ് സി ഇ ഒ യും, സഹമന്ത്രിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍, ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. യു എ ഇ യുടെ സാന്നിധ്യം ഇന്ത്യയില്‍ കൂടുതല്‍ വ്യപിപ്പിക്കുമെന്നും, ഉയര്‍ന്ന ഗുണമേന്മയുള്ള ക്രൂഡ് ഓയിലിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും ഡോ സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തത്തോടെ, അഡ്നോക് ഇന്ത്യയില്‍ പുതിയ മാര്‍ക്കറ്റ് അവസരങ്ങള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ റിസര്‍വ് പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന ആദ്യത്തെ രാജ്യമാണ് യു എ ഇ. ഇന്ത്യയുടേയും യു എ ഇയുടേയും ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ കരാറിലൂടെ കഴിയുമെന്ന് ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പ്രധാന പങ്കാളിത്തം ഇന്ത്യക്കിടയില്‍ നിലനില്‍ക്കുന്ന അടുത്ത ഊര്‍ജ സഹകരണം ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്ക് തന്ത്രപ്രധാനമായ കരുതല്‍ നല്‍കും, വിതരണ ശോഷണത്തെ നേരിടാന്‍ സഹായിക്കും അദ്ദേഹം വ്യക്തമാക്കി.

ചിക് മംഗളൂരില്‍ ശേഖരിച്ച എണ്ണയുടെ ഒരു ഭാഗം അഡ്നോക് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍, പ്രധാന ഭാഗം തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും.2040 ആകുമ്പോഴേക്കും ഇന്‍ഡ്യയുടെ ഊര്‍ജ ഉപഭോഗം ആഗോള ഊര്‍ജത്തിന്റെ 25 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കപ്പെടുന്നു. എണ്ണ ഉപഭോഗത്തില്‍ ഏറ്റവും വലിയ സമ്പൂര്‍ണ്ണ വളര്‍ച്ച കൈവരിച്ച രാജ്യമാകും ഇന്ത്യ. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പങ്കെടുത്തു.

Latest