തിയേറ്ററിലെ പീഡനം: ചങ്ങരംകുളം എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും

Posted on: May 13, 2018 3:39 pm | Last updated: May 13, 2018 at 9:52 pm

ചങ്ങരംകുളം: എടപ്പാളില്‍ സിനിമാ തിയേറ്ററിനുള്ളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം.

ബാലപീഡനത്തിന് പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിന് നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പോലീസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

തിയേറ്ററില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ, പ്രതിയായ പാലക്കാട് തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടി(47) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഏപ്രില്‍ പതിനെട്ടിനാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.