വിശുദ്ധ റമസാനില്‍ വിപുലമായ പദ്ധതികളുമായി മര്‍കസ്

Posted on: May 13, 2018 10:26 am | Last updated: May 19, 2018 at 8:28 pm

കോഴിക്കോട്: വിശുദ്ധ റമളാനിലെ ഒന്ന് മുതല്‍ മുപ്പത് വരെ ദിവസങ്ങളില്‍ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികളുമായി മര്‍കസ്. ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറിലധികം മര്‍കസ് സ്ഥാപനങ്ങള്‍, മര്‍കസ് നിര്‍മിച്ച ആയിരക്കണക്കിന് പള്ളികള്‍, സ്‌കൂളുകള്‍, ജീവകാരുണ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സന്ദേശമെത്തിക്കുന്ന വിധത്തിലാണ് മര്‍കസ് റമസാന്‍ പരിപാടികള്‍ സവിധാനിച്ചിരിക്കുന്നത്.
ഈമാസം 23 മുതല്‍ 27 വരെ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസിയുടെ ഇസ്‌ലാമിക ആധ്യാത്മിക പ്രഭാഷണം മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. പ്രഭാഷണ പരിപാടിയില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

റമസാന്‍ ഒന്ന് മുതല്‍ മര്‍കസ് ക്യാമ്പസിലും കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് പള്ളിയിലും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ ഒരുക്കും. അതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാര്‍ഥികളുടെ നോമ്പ് തുറയും മര്‍കസ് സജ്ജമാക്കും. കോഴിക്കോട്ടെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും മര്‍കസ് പരിസര പ്രദേശങ്ങളിലെ പൊതുജനങ്ങളുടെയും സഹകരത്തോടെയാണ് നോമ്പ് തുറ ഒരുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍, വിവിധ ക്യാമ്പസ് ഹോസ്റ്റലുകളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും മര്‍കസില്‍ നടക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും പാവങ്ങളും ദുര്‍ബലരുമായ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളിലും മര്‍കസ് ഇഫ്താര്‍ സൗകര്യവും ബോധവത്കരണാര്‍ഥമുള്ള വിവിധ പദ്ധതികളും നടപ്പാക്കും.
റമസാന്‍ ഇരുപത്തിയഞ്ചാം രാവില്‍ നടക്കുന്ന മര്‍കസ് ആത്മീയ സമ്മേളനം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വേദിയായി മാറും. ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമസാന്‍ പ്രഭാഷണവും നടക്കും. വിശുദ്ധ ഖുര്‍ആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികളും റമസാനില്‍ മര്‍കസില്‍ ഒരുക്കിയിട്ടുണ്ട്. ഈമാസം 19 മുതല്‍ 31 വരെ എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ഖുര്‍ആന്‍ പാരായണ പഠനക്ലാസ് നടക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ മര്‍കസ് സൈത്തൂന്‍ വാലി ക്യാമ്പസില്‍ സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ വിശദീകരണ, പാരായണ പഠനക്ലാസ് സംഘടിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സുബ്ഹിക്ക് ശേഷം പുരുഷന്മാര്‍ക്കുള്ള പ്രത്യേക പഠനക്ലാസും നടക്കും.

റമസാന്‍ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ മര്‍കസ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് വഴിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
മര്‍കസ് റമസാന്‍ പദ്ധതികളുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരണം നാളെ രാവിലെ പത്തിന് മര്‍കസ് ക്യാമ്പസില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി സി ഇബ്‌റാഹിം മാസ്റ്റര്‍, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദലി സഖാഫി വള്ളിയാട് പ്രസംഗിക്കും. റമസാനില്‍ നടക്കുന്ന മര്‍കസിന്റെ വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം പരിപാടിയില്‍ നടക്കും.