തിയേറ്ററിലെ പീഡനം: ക്രൂരമായ ദൃശ്യങ്ങള്‍ കണ്ടിട്ടും പതിനാറ് ദിവസത്തോളം പോലീസ് അനങ്ങിയില്ല

> പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച > പോലീസില്‍ പലപ്പോഴായി കേസിന്റെ പുരോഗതി ചോദിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് നല്‍കാറുണ്ടായിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍
Posted on: May 13, 2018 10:21 am | Last updated: May 13, 2018 at 10:21 am

മലപ്പുറം: സിനിമാ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ഏപ്രില്‍ 18ന് 6.30നുള്ള സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് കേരളത്തിന് അപമാനകരമായ സംഭവമുണ്ടാകുന്നത്. പത്ത് വയസ്സ് മാത്രം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും തൊട്ടടുത്തിരിക്കുന്ന അമ്മയെന്ന് തോന്നിക്കുന്ന യുവതി ഇതിന് സഹായം നല്‍കുകയും ചെയ്യുകയായിരുന്നു. തിയറ്ററിലെ സി സി ടിവിയിലൂടെ ദൃശ്യങ്ങള്‍ കണ്ട ഉടമ സനൂപാണ് ഏപ്രില്‍ 25ന് ചൈല്‍ഡ്‌ലൈനെ സമീപിച്ചത്. പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ടിംഗ് ഓഫീസര്‍ ശിഹാബിനെ വിവരം അറിയിക്കുകയും സി സി ടി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. പിറ്റെ ദിവസം ചങ്ങരംകുളം പോലീസിന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പരാതി കൈമാറിയെങ്കിലും പോലീസ് അനങ്ങിയില്ലെന്നാണ് വ്യക്തമാകുന്നത്.

പീഡിപ്പിച്ചയാളുടെ ദൃശ്യം ഉള്‍പ്പെടെ നല്‍കിയിട്ടും പതിനാറ് ദിവസത്തോളം പരാതി പോലീസ് ഫയലില്‍ സൂക്ഷിക്കുകയായിരുന്നു. ഒരു അന്വേഷണവും നടത്തിയില്ല. പിന്നീട് ഒരു സ്വകാര്യ ദൃശ്യമാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ബെന്‍സ് കാറിലാണ് സിനിമ കാണാന്‍ പ്രതിയും കുട്ടിയും യുവതിയും തിയേറ്ററില്‍ എത്തിയിരുന്നത്. കാറിന്റെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞിരുന്നതിനാല്‍ പ്രതിയെ കണ്ടെത്തുക പോലീസിന് എളുപ്പമായിരുന്നെങ്കിലും മൂടിവെക്കാനാണ് ശ്രമിച്ചത്. ചെറിയ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത സഹിക്കാനാകാത്തതിനാലാണ് ചെല്‍ഡ്‌ലൈനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് തിയറ്റര്‍ ഉടമ സനൂപ് പറഞ്ഞു. കൂടെയുണ്ടായിരുന്ന യുവതിയുടെ ശരീരത്തിലും ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ഇതിന് യുവതി തന്നെ സൗകര്യം ചെയ്തു നല്‍കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബാലികയുടെ വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ കൈകൊണ്ട് ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസില്‍ പലപ്പോഴായി കേസിന്റെ പുരോഗതി ചോദിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് നല്‍കാറുണ്ടായിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. തൃത്താലയിലെ വ്യവസായി ആണെന്നതിനാല്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഷൊര്‍ണൂര്‍ പോലീസ് ഇയാളുടെ തൃത്താലയിലെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ വ്യാപാര സ്ഥാപനത്തിന് സമീപത്ത് നിന്നാണ് അറസ്റ്റിലാകുന്നത്. അറസ്റ്റിലായ പ്രതിയുമായി പോലീസ് ചങ്ങരംകുളത്ത് എത്തിയെങ്കിലും പോലീസ് സ്റ്റേഷന് മുന്നില്‍ വിവിധ സംഘടനകളും ജനങ്ങളും പ്രതിഷേധവുമായി എത്തിയതോടെ ഇയാളെ കുറ്റിപ്പുറം സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ഇതിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പോക്‌സോ കേസുകള്‍ പോലീസ് കൈകാര്യം ചെയ്യുന്നത് അതീവ ലാഘവത്തോടെയാണെന്നും പല സംഭവങ്ങളും പോലീസ് ഇടപെട്ട് ഇല്ലാതാക്കുന്നതായും ചൈല്‍ഡ്‌ലൈന് ആക്ഷേപമുണ്ട്. ഇത്തരം കേസുകളില്‍ പോലീസിന് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സിറാജിനോട് പറഞ്ഞു.