Connect with us

Kerala

നീതിയുടെ കാവലാളായി ഇനി പണ്ഡിത പ്രതിഭകളും

Published

|

Last Updated

കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഔന്നത്യത്തിനായി നിയമപരമായി പോരാടാന്‍ ഇനി പണ്ഡിതപ്രതിഭകളും. രാജ്യത്തെ പ്രമുഖ മതപഠന കേന്ദ്രമായ മര്‍കസില്‍ നിന്ന് മതമീമാംസയില്‍ ബിരുദം നേടിയ 10 സഖാഫിമാരുള്‍പ്പടെയുള്ള പതിനൊന്നംഗ സംഘം ഇന്നലെ വക്കീല്‍ക്കുപ്പായമണിഞ്ഞതോടെ കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക മേഖലയില്‍ അത് പുതിയ ചരിത്രമായി. മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ 2014ല്‍ ആരംഭിച്ച മര്‍കസ് ലോ കോളജിലെ ആദ്യ ബാച്ചാണ് ഇന്നലെ ഹൈക്കോടതി ഹാളില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തത്.

സമര്‍പ്പിതരായ ഗുരുശ്രേഷ്ഠരുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത പ്രതിഭകള്‍ നീതിക്കു വേണ്ടിയുള്ള കാവലാളായി ഇനി സമൂഹത്തിന്റെ മുന്‍നിരയിലുണ്ടാകുമെന്ന സന്ദേശം കൂടിയാണ് ഇവര്‍ ഇന്നലെ സമൂഹത്തിന്റെ മുന്നിലെത്തിച്ചത്. മര്‍കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടായിരുന്നു അഭിഭാഷകരായി എന്റോള്‍ ചെയ്ത സംഘത്തിലെ മുതിര്‍ന്ന പണ്ഡിതന്‍. എ മുഹമ്മദ് സുഹൈല്‍ തങ്ങള്‍, പി എം മുഹമ്മദ് മുശ്താഖ്, എം പി മുഹമ്മദ് ശഹ്‌സാദ്, പി കെ മുഹമ്മദ് സ്വാലിഹ്, എം ഷംസീര്‍, കെ ഐ ഷൗക്കത്തലി, കെ ഉബൈദ്, സി അബ്ദുര്‍റാസിഖ്, കെ എം അഹ്മദ് രിഫാഈ എന്നീ സഖാഫി ബിരുദധാരികള്‍ക്കൊപ്പം പി അരുണും ഇന്നലെ വക്കീല്‍ക്കുപ്പായമണിഞ്ഞ മര്‍കസ് ലോ കോളജിലെ അഭിഭാഷക വിദ്യാര്‍ഥികളിലുള്‍പ്പെടുന്നു. പലരും കുടുംബ സമേതമാണ് സനദ് വാങ്ങാനെത്തിയിരുന്നത്.

മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട്, അഡ്വ. മുഹമ്മദ് പുഴക്കര, ഡോ. എ ബി അലിയാര്‍, നൂറുമുഹമ്മദ് തുടങ്ങിയരും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.
മര്‍കസില്‍ നിന്ന് മതപഠനത്തില്‍ ബിരുദ പഠനം നടത്തുമ്പോള്‍ തന്നെ ലോ കോളജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയവരാണ് ഹുസൈന്‍ സഖാഫി ചുള്ളിക്കോടും അരുണും ഒഴികെയുള്ള ഒമ്പത് പേര്‍. മര്‍കസ് സാധ്യമാക്കുന്ന വിദ്യാഭ്യാസത്തിന്റെ വൈവിധ്യമാണിതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ നേട്ടത്തില്‍ അഭിമാനിക്കുന്ന അനേകം പേരുണ്ട്. മര്‍കസിന്റെ ഓരോ പദ്ധതിയും ആവേശത്തോടെ ഏറ്റെടുത്ത് പ്രാര്‍ഥിക്കുന്ന, സഹായിക്കുന്ന പ്രിയപ്പെട്ട പ്രവര്‍ത്തകര്‍, ഗുണകാംക്ഷികള്‍, സഹായികള്‍. ജസ്റ്റിസ് ബാബുമാത്യു തോമസ് പറഞ്ഞ പോലെ, നീതിക്കു വേണ്ടി ഇടപെടുന്ന വ്യത്യസ്തമായ ഒരു തലമുറ ഇവിടെ ചരിത്രമാരംഭിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിരുദധാരികളായ അഭിഭാഷകര്‍ക്ക് എറണാകുളം ജില്ലയിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ ഓഡിറ്റോറിയത്തില്‍ പിന്നീട് സ്വീകരണം നല്‍കി.
ഈ വര്‍ഷം മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ശരീഅ സിറ്റിയി ല്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക പഠനത്തോടൊപ്പം മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ ബി പഠനത്തിനും അവസരമുണ്ട്.

Latest