Connect with us

Sports

ഡിവില്ലിയേഴ്‌സ് മിന്നി; ബെംഗളൂരു ജയിച്ചു

Published

|

Last Updated

ഡല്‍ഹി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. അഞ്ച് വിക്കറ്റിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ച് ലക്ഷ്യം മറികടന്നു. 37 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സും 40 പന്തില്‍ 70 റണ്‍സെടുത്ത വിരാട് കോഹ് ലിയുമാണ് വിജയശില്‍പ്പികള്‍.

ആറാം ജയവുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്ത്
ഇന്‍ഡോര്‍: ആറാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ പി എല്ലില്‍ നാലാം സ്ഥാനത്തേക്ക് കയറി. ഇന്നലെ നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 31 റണ്‍സിന് കീഴടക്കിയാണ് കൊല്‍ക്കത്തയുടെ കുതിപ്പ്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
459 റണ്‍സാണ് ഇരു ടീമുകളും കൂടി വാരിക്കൂട്ടിയത്. പതിനൊന്ന് സീസണുകളിലെത്തി നില്‍ക്കുന്ന ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഇത്രയും വലിയ സ്‌കോര്‍ പിറക്കുന്നത് ഇതാദ്യം.

ഓപണിംഗ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും (29 പന്തില്‍ 66), ക്യാപ്റ്റന്‍ അശ്വിനും (22 പന്തില്‍ 45), ആരോണ്‍ ഫിഞ്ചും (20 പന്തില്‍ 34) ജയത്തിനായി പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ക്രിസ് ഗെയില്‍ (21), മായങ്ക് അഗര്‍വാള്‍ (പൂജ്യം), കരുണ്‍ നായര്‍ (മൂന്ന്) എന്നിവര്‍ വേഗത്തില്‍ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. കൊല്‍ക്കത്തക്കായി ആന്ദ്രെ റസ്സല്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും സുനില്‍ നരെയ്ന്‍, സിയര്‍ലസ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, ടോസ് ലഭിച്ച പഞ്ചാബ് നായകന്‍ അശ്വിന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍, അശ്വിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സുനില്‍ നരെയ്ന്‍ തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് ദിനേശ് കാര്‍ത്തിലൂടെ ആളിപ്പടര്‍ന്നപ്പോള്‍ കൊല്‍ക്കത്ത ഐ പി എല്‍ ഈ സീസണിലേയും ടീമിന്റെ എക്കാലത്തേയും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് കൊല്‍ക്കത്ത വാരിയത്. നരെയ്ന്‍ 36 പന്തില്‍ 75 റണ്‍സും 23 പന്തുകള്‍ നേരിട്ട കാര്‍ത്തിക് അന്‍പത് റണ്‍സും നേടി. ആറ് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതാണ് നരെയ്‌ന്റെ ഇന്നിംഗ്‌സ്. കാര്‍ത്തിക്ക് മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും നേടി. ഒന്നാം വിക്കറ്റില്‍ സുനില്‍ നരെയ്‌നും ക്രിസ് ലിനും ചേര്‍ന്ന് 5.2 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാം ഓവറില്‍ ലിന്നിനെ ബൗള്‍ഡാക്കി ടൈയാണ് കൂട്ടുകെട്ട് പൊളിച്ചത്. 27 റണ്‍സ് നേടിയ ലിന്‍ പുറത്തായതിനു പിന്നാലെ എത്തിയ റോബിന്‍ ഉത്തപ്പയെ കൂട്ടുപിടിച്ച് നരെയ്ന്‍ നൈറ്റ് റൈഡേഴ്‌സ് സ്‌കോര്‍ നൂറുകടത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരുമെടുത്തത് 75 റണ്‍സ്. പതിനേഴ് പന്തില്‍ 24 റണ്‍സെടുത്ത ഉത്തപ്പയെ ടൈ മോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

സ്‌കോര്‍ 128ല്‍ നില്‍ക്കെ നരെയ്‌നെയും ടൈ മടക്കി. നാലാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കും റസ്സലും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ഇരുവരും ചേര്‍ന്ന് നേടിയ 76 റണ്‍സില്‍ 44ഉം കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്തില്‍ കാര്‍ത്തിക്ക് പുറത്താകുമ്പോള്‍ സ്‌കോര്‍ 230ല്‍ എത്തിയിരുന്നു. റാണ നാല് പന്തില്‍ 11ഉം ശുഭ്മാന്‍ ഗില്‍ എട്ട് പന്തില്‍ 16ഉം റണ്‍സെടുത്തു. ആകെ കിട്ടിയ ഒറ്റ പന്ത് അതിര്‍ത്തികടത്തി സിയര്‍ലസ് സ്‌കോര്‍ 245ല്‍ എത്തിച്ചു.
ബരിന്ദ്രര്‍ സ്രാനാണ് പഞ്ചാബ് നിരയില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. ഓവറില്‍ 16 എന്ന നിരക്കില്‍ മൂന്ന് ഓവറില്‍ 48 റണ്‍സ്. ആന്‍ഡ്രു ടൈ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാല്‍പ്പത് റണ്‍സ് വഴങ്ങി മോഹിത് ശര്‍മ ഒരുവിക്കറ്റെടുത്തു.

Latest