Connect with us

Kerala

റമസാനിന്റെ വരവറിയിച്ച് ഈത്തപ്പഴ വിപണി സജീവം

Published

|

Last Updated

കോഴിക്കോട്: വിശുദ്ധ റമസാനിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളെത്തി. രുചി വ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുമുള്ളതുമായ ഈത്തപ്പഴങ്ങളാണ് റമസാനിനു മുമ്പ് തന്നെ വിപണിയിലെത്തിയിരിക്കുന്നത്. ഒമാന്‍, ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ലിബിയ, അള്‍ജീരിയ, യു എ ഇ, തുണീഷ്യ, ജോര്‍ദാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്.

99 രൂപ മുതല്‍ 6,000 രൂപ വരെയാണ് ഈത്തപ്പഴങ്ങളുടെ വില. വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന സഊദിയില്‍ നിന്നുള്ള അജ്‌വക്കാണ് ഏറ്റവും ഉയര്‍ന്ന വില. കുങ്കുമപ്പൂവിട്ടതാണെങ്കില്‍ ഇതിന് 6,000 രൂപ വരെ വില വരും. 2,000 മുതല്‍ തുടങ്ങുന്നു ഇതിന്റെ വില. ഈത്തപ്പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍, സഊദി ഷുക്കാറി, കുതിരി, അമ്പര്‍ തുടങ്ങിയവയും മാര്‍ക്കറ്റിലുണ്ടെങ്കിലും വില കൂടുതലുള്ളതിനാല്‍ ആവശ്യക്കാര്‍ കുറവാണ്.
ഗുണമേന്മയിലും സ്വാദിലും മുന്‍പന്തിയിലുള്ള സഊദി ഈത്തപ്പഴങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ പൊതുവേ വലിയ വിലയുള്ളത്. ഒമാനില്‍ നിന്നുള്ള ഫര്‍ദിനും ആവശ്യക്കാരേറെയുണ്ട്. വിവിധയിനം ഈത്തപ്പഴങ്ങള്‍ക്ക് വലിപ്പത്തിലും വ്യത്യാസമുണ്ട്. നോമ്പ് തുറക്ക് ഒഴിച്ച് കൂടാനാകാത്ത ഈത്തപ്പഴങ്ങള്‍ക്ക് ഓരോ വര്‍ഷവും നല്ല ഡിമാന്‍ഡാണെന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി കോഴിക്കോട്ട് ഈത്തപ്പഴ വില്‍പ്പന നടത്തുന്ന ഗിരീഷ് ബാബു പറഞ്ഞു.

അച്ചാര്‍, പായസം, ഹലുവ, കേക്ക് തുടങ്ങിയവയുണ്ടാക്കാനും പലരും ഈത്തപ്പഴങ്ങള്‍ വാങ്ങാറുണ്ട്. ഉണങ്ങിയ ഈത്തപ്പഴം എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റമസാന്‍ വ്രതാനുഷ്ഠാന കാലത്താണ് ഇവ ധാരാളമായി എത്താറ്.
ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി- 6, തയാമിന്‍, നിയാസിന്‍, റിബോഫഌവിന്‍ എന്നിവയാണ് ഈത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍.