രാജസ്ഥാന് നാല് വിക്കറ്റ് ജയം

Posted on: May 12, 2018 6:08 am | Last updated: May 12, 2018 at 12:13 am
റെയ്‌ന റണ്‍സെടുക്കുന്നതിനിടെ അമ്പയറുമായി കൂട്ടിയിടിക്കുന്നു

ജയ്പൂര്‍: ഐപിഎല്ലിലെ 43ാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു നാല് വിക്കറ്റിന്റെ ജയം. ഒരു പന്ത് ശേഷിക്കെയാണ് രാജസ്ഥാന്‍ ആവേശ ജയം കരസ്ഥമാക്കിയത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.5 ഓവറില്‍ ആറ് വിക്കറ്റിന് ലക്ഷ്യം കണ്ടു. പുറത്താകാതെ 95 റണ്‍സടിച്ച ബട്‌ലറാണ് വിജയശില്പി. സുരേഷ് റെയ്‌നയുടെ (52) അര്‍ധസെഞ്ച്വറിയാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്.

ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. നാലോവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആര്‍ച്ചര്‍ രണ്ടു വിക്കറ്റെടുത്തു. ഇഷ് സോധിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ഷെയ്ന്‍ വാട്‌സനും (39) ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ് (33*) മറ്റു സ്‌കോറര്‍മാര്‍. സാം ബില്ലിംഗ്് (27), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായത്. 31 പന്തില്‍ വാട്‌സന്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറികളും പായിച്ചപ്പോള്‍ ധോണി 23 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി.