Connect with us

National

കര്‍ണാടക ഇന്ന് ബൂത്തില്‍; കനത്ത സുരക്ഷ

Published

|

Last Updated


ബെംഗളൂരുവില്‍ തിരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍

ബെംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബി ജെ പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ആകെയുള്ള 2,655 സ്ഥാനാര്‍ഥികളില്‍ 219 പേര്‍ വനിതകളാണ്. സ്വതന്ത്രര്‍- 1,155. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

യുവ വോട്ടര്‍മാരുടെ എണ്ണം ഇത്തവണ രണ്ടിരട്ടിയായി വര്‍ധിച്ചതായാണ് കണക്കുകള്‍. പോളിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ്കുമാര്‍ അറിയിച്ചു. 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 2,44 കോടി സ്ത്രീ വോട്ടര്‍മാരാണ്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടര്‍മാരെ നേരില്‍ കണ്ട് പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനാണ് സ്ഥാനാര്‍ഥികള്‍ ഇന്നലെ സമയം കണ്ടെത്തിയത്.

പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് 50,446 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകള്‍ക്ക് മാത്രമായി 450 പിങ്ക് പോളിംഗ് ബൂത്തുകളുമുണ്ട്. 80,000 പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കനത്ത പോലീസ് സുരക്ഷയിലാണ് കര്‍ണാടക. 1.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഇവരില്‍ 50,000 കേന്ദ്രസേനയുമുണ്ട്. കേരള പോലീസിന്റെയും സഹായമുണ്ട്. രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍ ആദിത്യയുടെ നേതൃത്വത്തില്‍ 722 പേരും കെ എ പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദറിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസില്‍ നിന്ന് 750 പേരുമാണ് സുരക്ഷക്കായി കര്‍ണാടകയിലുള്ളത്. ഇതില്‍ 250 പേര്‍ വനിതാ പോലീസുകാരാണ്. തലശ്ശേരി എസ് പി ചൈത്ര തെരേസ ജോണും എത്തിയിട്ടുണ്ട്. മാണ്ഡ്യ, മൈസൂരു, ചാമരാജ്‌നഗര്‍, ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളിലെ സുരക്ഷാ ചുമതലയാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തിന് നല്‍കിയിട്ടുള്ളതെന്ന് ഡി ജി- ഐ ജി പി നീലമണി രാജു അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷക സംഘം റെയ്ഡ് ശക്തമാക്കി. ചിത്രദുര്‍ഗ ജില്ലയിലെ മൊളകല്‍മുരുവില്‍ നിന്ന് രണ്ട് കോടി രൂപയും ബഗല്‍കോട്ടില്‍ നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെയായി പണവും സ്വര്‍ണവും ഉള്‍പ്പെടെ 166 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 1229 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭരണവിരുദ്ധ വികാരമില്ലാത്തതും കന്നഡ വികാരം ശക്തമാക്കിയതും ലിംഗായത്തുകളുടെ മതപദവിയെന്ന ആവശ്യം അംഗീകരിച്ചതും ഉള്‍പ്പെടെയുള്ള ഘടകങ്ങളിലാണ് കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷ. അഴിമതിയുടെ കറപുരണ്ട ബി എസ് യെദ്യൂരപ്പയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഉയര്‍ത്തിക്കാട്ടിയതും ആരോപണ വിധേയരായ റെഡ്ഢി സഹോദരന്മാര്‍ക്കും അനുയായികള്‍ക്കും സീറ്റ്് നല്‍കിയതും തങ്ങള്‍ക്ക് നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം, സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ബി ജെ പി.