നാണ്യവിളകള്‍ക്ക് കനത്ത വിലത്തകര്‍ച്ച; കര്‍ഷകര്‍ക്ക് ദുരിതത്തിന്റെ വിളവെടുപ്പ്

  • നേപ്പാള്‍ വഴി അനധികൃത കുരുമുളക് ഇറക്കുമതി വ്യാപകം
  • ഇറക്കുമതി നിയന്ത്രണം പാളി
Posted on: May 12, 2018 6:05 am | Last updated: May 11, 2018 at 11:57 pm

കൊച്ചി: നാണ്യവിളകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര ഉത്പാദനവും വിപണനവും ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി എങ്ങുമെത്തിയില്ല. കാര്‍ഷിക വിളകളെ മാത്രം ആശ്രയിച്ച് കഴിയുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നിലനില്‍പ്പിനെയാണ് നാണ്യവിളകളുടെ വിലത്തകര്‍ച്ച ബാധിക്കുന്നത്. ഹൈറേഞ്ചിലെ പ്രധാന നാണ്യവിളകളായ ഏലം, കുരുമുളക്, റബ്ബര്‍, ജാതി എന്നിവയുടെയെല്ലാം വിലത്തകര്‍ച്ച മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

മുന്‍ സീസണുകളില്‍ കിലോക്ക് 700 രൂപയോടടുത്ത് വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില പകുതിയില്‍ താഴെയായാണ് കുറഞ്ഞത്. 1,800 രൂപവരെ വിലയുണ്ടായിരുന്ന ഏലത്തിന്റെ വിലയും കൂപ്പു കുത്തി. റബ്ബറിന്റെയും ജാതിക്കയുടെയുമെല്ലാം വില കുത്തനെ കുറഞ്ഞിട്ടുണ്ട്. ഗുണനിലവാരത്തില്‍ മുന്നിലുള്ള കേരള കുരുമുളകിന് ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ല. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 38,300 രൂപയില്‍ നിന്ന് 36,200 രൂപയായി താഴ്ന്നു. 40,300 രൂപയില്‍ നിന്ന് ഗാര്‍ബിള്‍ഡ് വില 38,200 രൂപയിലേക്കും കുറഞ്ഞു.

നിലവാരമില്ലാത്തതും 500 രൂപയില്‍ താഴെ വിലയുള്ളതുമായ കുരുമുളകിന്റെ ഇറക്കുമതി നാല് മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍, അതിന് ശേഷവും 600 ടണ്ണോളം വിദേശ കുരുമുളക് ഇന്ത്യന്‍ വിപണിയിലെത്തി. ഇതൊക്കയൊണ് വിലത്തകര്‍ച്ചക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആക്ഷേപം. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനായി കുരുമുളക് ഇറക്കുമതിക്ക് അനുമതിയുണ്ട്. ഇതിന് അഞ്ച് ശതമാനം കേന്ദ്ര ഇന്‍സെന്റീവും ലഭിക്കും. എന്നാല്‍, ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്നവര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, അവ ആഭ്യന്തര വിപണിയില്‍ തന്നെ വിറ്റഴിക്കുന്നതാണ് വിലത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടും പരിശോധനകള്‍ക്ക് ഇനിയും കേന്ദ്രം തയ്യാറായിട്ടില്ല.

വിയറ്റ്‌നാമില്‍ നിന്നും മറ്റുമായി ഗുണനിലവാരമില്ലാത്ത കുരുമുളക് വിപണിയിലെത്തുന്നുണ്ട്. നേപ്പാള്‍ വഴി അനധികൃതമായി കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ കാലവസ്ഥാ വ്യതിയാനം കുരുമുളക് കൃഷിയെയടക്കം വീണ്ടും സാരമായി ബാധിക്കുന്നതിനിടയിലാണ് വിലക്കുറവും കര്‍ഷകരെ ചതിച്ചത്.

അതേസമയം, ഏറ്റവും പ്രാധാന നാണ്യവിളകളിലൊന്നായ ഏലത്തിന്റെ ഒരു കിലോയുടെ വില 1,200ല്‍ നിന്ന് 800ലേക്ക് കൂപ്പുകുത്തി. വേനല്‍മഴ പെയ്ത് അനുകൂല കാലാവസ്ഥ ഒരുങ്ങിയതോടെ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്ന കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് ഏലത്തിന്റെ വിലയിടിവ് സമ്മാനിക്കുന്നത്. മുടക്ക് മുതല്‍ കണക്കാക്കിയാല്‍ 1500 രൂപയെങ്കിലും ഒരു കിലോ ഏലക്കക്ക് ലഭിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ ജനുവരി 30ന് 1,011 രൂപ ശരാശരി വിലയും 1,426 രൂപ ഉയര്‍ന്ന വിലയും രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി രണ്ടിന് 1,018 രൂപയും മാര്‍ച്ച് ഏഴിന് 1,009 രൂപയുമായിരുന്നു ഏലക്കയുടെ വില. ചെറുകിട കര്‍ഷകരെയാണ് ഏലം വിലയിലെ അനിശ്ചിതത്വം ഏറെ ബാധിക്കുന്നത്. ഒരു കിലോഗ്രാം ഏലക്കായ് ഉണങ്ങി സംസ്‌കരിച്ചെടുക്കുന്നതിന് ശരാശരി 500 രൂപയിലധികം ചെലവ് വരും. കിലോഗ്രാമിന് 900 രൂപയെങ്കിലും വില ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. കുറഞ്ഞ ഉത്പാദന ചെലവും അനുയോജ്യമായ കാലാവസ്ഥയും ഉള്ളതിനാല്‍ വര്‍ഷങ്ങളായി ഗ്വാട്ടിമാലയാണ് ഏലം ഉത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.

18000 ദശലക്ഷം ടണ്‍ ഏലക്കായാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത്. കുറഞ്ഞ വിലക്കാണ് ഗ്വാട്ടിമാല ഏലം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാരം കുറവുള്ള ഗ്വാട്ടിമാല ഏലക്ക കേരളത്തിലെ മികച്ചയിനം ഏലക്കാക്കൊപ്പം കുട്ടികലര്‍ത്തി വന്‍തോതില്‍ വിപണിയിലേക്ക് എത്തിയത് വിലയിടിവിന് വഴിയൊരുക്കി. അടുത്ത സീസണില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുന്‍കാലങ്ങളിലെ പോലെ ബോധപൂര്‍വം വിലയിടിവ് സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കൂപ്പുകുത്തല്‍ എന്നാണ് കര്‍ഷകരുടെ ആക്ഷേപം.

വിലക്കുറവിനൊപ്പം ഉത്പാദനത്തിലുണ്ടായ തകര്‍ച്ചയാണ് ജാതി കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കിയത്. കഴിഞ്ഞ വര്‍ഷം 300 രൂപ വരെ ജാതിക്ക് വില ലഭിച്ചിരുന്നു. കൊച്ചിയിലെ വിപണികളില്‍ ഡിസംബറില്‍ ജാതി തൊണ്ടിന് കിലോ ഗ്രാമിന് 260-270 ആയിരുന്നു വില. ഇപ്പോഴത് 160-180 ആയി കുറഞ്ഞു. ജാതിപത്രി 700ല്‍ നിന്ന് 400 ആയി.

റബ്ബര്‍ വിലയില്‍ ഈ മാസം മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കിലോക്ക് 122 രൂപക്ക് മുകളിലേക്ക് വില ഉയരാതെ നില്‍ക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ആര്‍ എസ് എസ് നാലിന് 122രൂപയാണ് വില. ആര്‍ എസ് എസ് അഞ്ചിന് കിലോക്ക് 119രൂപയാണ് നിലവിലെ വില നിലവാരം.