സമ്മേളനത്തില്‍ ശ്രദ്ധേയമായി കാന്തപുരത്തിന്റെ സാന്നിധ്യം

Posted on: May 12, 2018 6:14 am | Last updated: May 11, 2018 at 11:49 pm
അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിനെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്‍, ലബനാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്ലത്വീഫ് ദര്‍യാന്‍ എന്നിവര്‍ക്കൊപ്പം

അബൂദബി: അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യദിവസത്തെ ഒന്നാം സെഷനില്‍ പ്രഭാഷണം നടത്താന്‍ നിയോഗിക്കപ്പെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സാന്നിധ്യം ശ്രദ്ധേയമായി. ആഗോളതലത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രഭാഷണം.

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ലോകത്തെ പ്രഗത്ഭ പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ കാന്തപുരത്തെ സമീപിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക അവസ്ഥയെ കുറിച്ചും അവരുടെ രാജ്യങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച നടത്തുകയുണ്ടായി. ഇറ്റലിയിലെ ഇസ്‌ലാമിക്കോ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. നാദിര്‍ അക്കാദ്, അമേരിക്കയിലെ സ്ട്രാറ്റജിക് എഡ്ജ് പ്രസിഡന്റ് ഡോ. ശാഫി കസ്‌കാസ്, കൊറിയ മുസ്‌ലിം ഫെഡറേഷന്‍ ഇമാം എ റഹ്മാന്‍ ലീ ജുഹവ, യു എന്‍ ന്യൂനപക്ഷ മിഷന്‍ സ്‌പെഷ്യല്‍ പ്രതിനിധി ഫെര്‍നാന്‍ഡ് വാറാനസ്, ഗ്രാനഡയിലെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ്, അര്‍ജന്റീനയിലെ ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹെല്ലര്‍, യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് മുഹാജിര്‍ സിയാന്‍, ബ്രസീലിലെ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍ ഡയറക്ടര്‍ ശൈഖ് സാദിഖ് ഉസ്മാനി, കാനഡയിലെ കള്‍ച്ചറല്‍ ഡയലോഗ് പ്രസിഡന്റ് സുഹൈര്‍ അല്‍ ഷായിര്‍, ഹോചിമിന്‍ സിറ്റി മുസ്‌ലിം കമ്മ്യൂണിറ്റി നേതാവ് ഹാജി ഇദ്‌രീസ് ഇസ്മാഈല്‍ തുടങ്ങിയവരാണ് കാന്തപുരവുമായി ചര്‍ച്ച നടത്തിയ പ്രധാനികള്‍.
അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനം സംഘടിപ്പിച്ച് മുസ്‌ലിംകളുടെ ഭാവിക്കായി സവിശേഷമായ പദ്ധതികള്‍ രൂപപ്പെടുത്തിയ യു എ ഇ ഭരണകൂടത്തിന്റെയും ശൈഖ് നഹ്‌യാന്‍ മുബാറക്കിന്റെയും സംഭാവനകള്‍ അദ്വിതീയമാണെന്ന് കാന്തപുരം പറഞ്ഞു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന മുസ്‌ലിംകളുടെ സ്ഥാപന പ്രവര്‍ത്തനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തിയ പ്രസംഗവും വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മര്‍കസ് മീഡിയ ഗള്‍ഫ് കോഡിനേറ്റര്‍ മുനീര്‍ പാണ്ടിയാല സമ്മേളനത്തില്‍ കാന്തപുരത്തെ അനുഗമിച്ചു.