Connect with us

International

മിസൈല്‍ പരീക്ഷണം ഇനിയില്ല; യു എന്നിനോട് ഉ. കൊറിയ

Published

|

Last Updated

ടോക്യോ: മുന്‍കൂട്ടി പ്രഖ്യാപനമില്ലാതെ ഇനി മുതല്‍ മിസൈല്‍ പരീക്ഷണമോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമോ ഉണ്ടാകില്ലെന്ന് ഉത്തര കൊറിയ ഐക്യരാഷ്ട്ര സഭാ ഏജന്‍സിയെ അറിയിച്ചു. തങ്ങളുടെ ആണവായുധ പദ്ധതികള്‍ ഇപ്പോള്‍ സമ്പൂര്‍ണമായെന്നും ഭാവിയില്‍ ഒരു പരീക്ഷണത്തിന്റെ ആവശ്യമേ ഇല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയിലെത്തിയ യു എന്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഉത്തര കൊറിയ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ആണവായുധ പദ്ധതികള്‍ പൂര്‍ണമായതിനാല്‍ ഇനി മുതല്‍ മിസൈല്‍ പരീക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഉത്തര കൊറിയന്‍ ആവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ റി യോംഗ് സന്‍ പറഞ്ഞു. ആവിയേഷന്‍ ഏജന്‍സിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയ ഇടക്കിടെ നടത്തിയിരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ മേഖലയിലെ വ്യോമ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കിയിരുന്നു. മേഖലയിലൂടെ പറന്നിരുന്ന യാത്രാ, ചരക്ക് വിമാനങ്ങള്‍ക്കെല്ലാം ഈ പരീക്ഷണം വലിയ ഭീഷണിയായിരുന്നു.