വരാപ്പുഴ: എസ് പി. എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

Posted on: May 11, 2018 7:23 pm | Last updated: May 13, 2018 at 10:26 am

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ് പി. എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. എ വി ജോര്‍ജിന് സംഭവത്തില്‍ വീഴ്ചപറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. എ വി ജോര്‍ജ് രൂപവത്കരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ (ആര്‍ ടി എഫ്) പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

ആര്‍ ടി എഫ് രൂപവത്കരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. ആര്‍ ടി എഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപവത്കരിച്ച എസ് പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഇക്കാര്യം ഗൗരവത്തിലെടുത്ത ആഭ്യന്തര വകുപ്പ് വകുപ്പുതല നടപടി തന്നെ കൈക്കൊള്ളുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ജോര്‍ജിനെതിരെ പത്തിലധികം തെളിവുകള്‍ ലഭിച്ചിരുന്നുവെന്നാണ് സൂചന.

എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ ടി എഫ് നിയമാനുസൃതമായല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും ടൈഗര്‍ ഫോഴ്‌സ് സംഘത്തെ മുപ്പതിലധികം തവണ എസ് പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇന്റലിജന്‍സ് ഓപറേഷനിലൂടെയാണ് ജോര്‍ജിനെതിരായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചത്. കസ്റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ആര്‍ ടി എഫിനെ ജോര്‍ജ് വഴിവിട്ട് സഹായിച്ചതായുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പോലീസുകാരെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ജോര്‍ജ്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന്റെ ഇടപെടലിനെക്കുറിച്ച് ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ ജി നിര്‍ദേശിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇനി എ വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്്. നേരത്തെ സി ഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാല് പേരെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതി ചേര്‍ത്തു. ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.