Connect with us

National

സിയാച്ചിന്‍ സൈനിക ക്യാമ്പില്‍ രാഷ്ട്രപതിയെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ സിയാച്ചിനിലുള്ള സൈനിക ക്യാമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. എ പി ജെ അബ്ദുല്‍ കലാമിന് ശേഷം സിയാച്ചിന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്.

സിയാച്ചിനില്‍ നിയോഗിക്കപ്പെട്ട സൈനികരുടെ ധീരതയാണ് ഓരോ ഇന്ത്യക്കാര്‍ക്കും തങ്ങള്‍ സുരക്ഷിതരാണെന്ന ആത്മവിശ്വാസം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ സൈനികര്‍ക്കൊപ്പമാണ് രാജ്യവും സര്‍ക്കാറുമെന്ന് പറയാനാണ് താനിവിടെ എത്തിയതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഇത്തരം ഒരിടത്ത് സദാസമയവും ജാഗ്രതയോടെ നില്‍ക്കുകയെന്നത് അസാമാന്യമാണ്. അവരുടെ ദേശ സ്‌നേഹം ഓരോ ഇന്ത്യക്കാരനും മാതൃകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെത്തുമ്പോള്‍ രാഷ്ട്രപതി ഭവനില്‍ വരാന്‍ ഓരോ സൈനികനും രാഷ്ട്രപതി പ്രത്യേകം ക്ഷണം നല്‍കി. സിയാച്ചിന്‍ യുദ്ധസ്മാരകത്തില്‍ രാഷ്ട്രപതി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. 1984 ഏപ്രില്‍ 13 മുതല്‍ സിയാച്ചിനില്‍ 11,000 സൈനികരാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ പ്രധാന സൈനിക കേന്ദ്രമായ കുമാര്‍ പോസ്റ്റിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തി.

14 വര്‍ഷത്തിന് ശേഷമാണ് സിയാച്ചിനിലേക്ക് ഒരു ഇന്ത്യന്‍ രാഷ്ട്രപതിയെത്തുന്നത്. മൈനസ് 52 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുന്ന സിയാച്ചിനിലെ സൈനിക പോസ്റ്റുകള്‍ സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Latest