ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി ഇഷാനും സൂര്യയും

Posted on: May 11, 2018 6:20 am | Last updated: May 11, 2018 at 12:24 am
ഇഷാനും സൂര്യയും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായിമാറി ഇഷാനും സൂര്യയും. തിരുവനന്തപുരം മന്നം ക്ലബില്‍ ഇന്നലെ നടന്ന വിവാഹ ചടങ്ങില്‍ ഇഷാന്‍ കെ ഷാന്‍ സൂര്യയുടെ കൈപിടിച്ചു. രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു വിവാഹം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയ ഇഷാനും പെണ്ണായി മാറിയ സൂര്യയും ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇരുവരുടേയും കുടുംബങ്ങളുടെ സമ്മതപ്രകാരമായിരുന്നു വിവാഹം.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരായതിനാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെയും തിരുവനന്തപുരം ട്രാന്‍സ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളും ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹ ചടങ്ങുകള്‍ക്കെത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം, മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐ പി ബിനു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ഉഷാ വിജയന്റെയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ് ഇഷാന്‍. ഇഷാന്‍ മൂന്ന് വര്‍ഷം മുമ്പും പാറ്റൂര്‍ സ്വദേശിയായ സൂര്യ നാല് വര്‍ഷം മുമ്പുമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇഷാന്‍ ബിസിനസുകാരനും സൂര്യ സോഷ്യല്‍ ആക്ടിവിസ്റ്റും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ്.