കെണിയില്‍ കുടുങ്ങിയ പുലി ചത്തു

Posted on: May 11, 2018 6:05 am | Last updated: May 11, 2018 at 12:06 am
കെണിയില്‍ കുടുങ്ങി ചത്ത പുലി

കാലടി: മലയാറ്റൂര്‍ കണ്ണിമംഗലത്ത് കെണിയില്‍ കുടുങ്ങിയ പുലി ചത്തു. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുന്നമ്പുറം ഹരിദാസന്റെ പറമ്പില്‍ കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പുലി കുടുങ്ങിയതെന്ന് കരുതുന്നു. ഇന്നലെ രാവിലെ റബ്ബര്‍ ടാപ്പിംഗിന് വന്ന തൊഴിലാളികളാണ് പുലിയെ ആദ്യം കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു, വനംവകുപ്പ് ഉദ്യോസ്ഥര്‍ സ്ഥലത്തെയപ്പോഴേക്കും പുലി അവശനിലയിലായിരുന്നു.

ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കമ്പികൊണ്ടുളള കേബിള്‍ ശരീരത്തില്‍ കയറിയതും നിര്‍ജലീകരണവുമാണ് മരണകാരണം. പത്ത് വയസ്സ് പ്രായമുളള ആണ്‍പുലിയാണിത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പുലി പശുക്കിടാവിനെ കടിച്ചുകൊന്നിരുന്നു. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ജഡം കോടനാട് എത്തിച്ച് സംസ്‌കരിച്ചു. സംഭവത്തില്‍ സ്ഥല ഉടമക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.