ലഹരി മാഫിയക്കെതിരെ എസ് വൈ എസ് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി

Posted on: May 11, 2018 6:05 am | Last updated: May 11, 2018 at 12:13 am
ലഹരി വ്യാപനത്തിനെതിരെ മലപ്പുറത്ത് എസ് വൈ എസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച്

കോഴിക്കോട്: ലഹരി മാഫിയകളെ പിടിച്ചുകെട്ടുക, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി എസ് വൈ എസ് കേരളത്തിലെ വിവിധ ജില്ലാ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. ലഹരി വഴികളെ തടയുക നമ്മുടെ മക്കളെ രക്ഷിക്കുക എന്ന സന്ദേശവുമായി ഒരു മാസമായി നടന്നുവരുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടന്നത്.

എന്‍ ഡി പി എസ് ആക്ടിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് നിയമം കര്‍ശനമാക്കുക, ഒരു കിലോ വരെ കഞ്ചാവ് പിടിച്ചാല്‍ 3000 രൂപ പിഴയടച്ച് ജാമ്യം ലഭ്യമാക്കുന്ന നിയമം എടുത്തുകളയുക, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര പരിശീലനവും കേസുകളുമായി മുന്നോട്ട് പോകാന്‍ പ്രോത്സാഹനവും നല്‍കുക, കേരളത്തിലെ ലഹരിവ്യാപനം സമഗ്രമായി പഠിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, കലാലയ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നാട്ടുകൂട്ടങ്ങള്‍, കുടുംബസഭ, ഡോക്യുമെന്ററി, കൊളാഷ് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടന്നു.

കാസര്‍കോട് നടന്ന കലക്ടറേറ്റ് മാര്‍ച്ച് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവള്ളൂര്‍ പ്രസംഗിച്ചു. കണ്ണൂരില്‍ ഹാമിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പ്രസംഗിച്ചു. വയനാട് കലക്ടറേറ്റ് മാര്‍ച്ചില്‍ എസ് ശറഫുദ്ദീന്‍, മുഹമ്മദലി സഖാഫി പുറ്റാട്, മുഹമ്മദ് സഖാഫി ചെറുവേരി അഭിസംബോധന ചെയ്തു. കോഴിക്കോട് മാര്‍ച്ചിനെ മുഹമ്മദലി സഖാഫി വള്ള്യാട,് കബീര്‍ എളേറ്റില്‍ അഭിസംബോധന ചെയ്തു. മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രസംഗിച്ചു. പാലക്കാട് ജില്ലാ മാര്‍ച്ച് സംസ്ഥാന പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ അഡ്വ. പി യു അലി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഷീദ് നരിക്കോട് പ്രസംഗിച്ചു. എറണാകുളത്ത് കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എ അഹ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി പ്രസംഗിച്ചു. ആലപ്പുഴയില്‍ നടന്ന മാര്‍ച്ചിനെ പി എസ് ഹാഷിം സഖാഫി, സി എ നാസറുദ്ദീന്‍ മുസ്‌ലിയാര്‍ അഭിസംബോധന ചെയ്തു. കോട്ടയത്ത് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, ഡോ. ഫാറൂഖ് നഈമി പ്രസംഗിച്ചു. പത്തനംതിട്ടയില്‍ മുഹമ്മദ് അസ്ഹര്‍ ഉദ്ഘാടനം ചെയ്തു. അനസ് പൂവാലന്‍ പറമ്പ് പ്രസംഗിച്ചു. കൊല്ലം ജില്ലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി പ്രസംഗിച്ചു.