Connect with us

Articles

ഇല്‍സി കൊണ്ടുപോകുന്ന ആ ഒരുപിടി ചാരത്തെക്കുറിച്ച്

Published

|

Last Updated

ഇല്‍സി സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. കൂടെപിറപ്പിന്റെ ഒരുപിടി ചാരവുമായി. സ്വന്തംസഹോദരി ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടിട്ടും കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞ് മടങ്ങുന്ന ഈ സഹോദരിയെക്കുറിച്ച് ഓരോ മലയാളിയും അഭിമാനിക്കണം. ഒപ്പം, അപമാനഭാരത്താല്‍ അവര്‍ക്ക് മുന്നില്‍ തലയും കുനിക്കണം. ദൈവത്തിന്റെ സ്വന്തം നാടാണ് ടൂറിസം ഭൂപടത്തിലെ കേരളം. ഇങ്ങിനെയൊരു തലക്കെട്ടില്‍ ആകൃഷ്ടയായി തന്നെയാകണം ലാത്‌വിയന്‍ സ്വദേശിയായ ഇല്‍സിയും സഹോദരിയും കേരളത്തിലെത്തിയതും. എന്നാല്‍, ഒരുപറ്റം സാമൂഹ്യവിരുദ്ധരുടെ ക്രൂരമായ കൈകളില്‍ പിടഞ്ഞ് മരിക്കാനായിരുന്നു ആ മുപ്പത്തിമൂന്നുകാരിയുടെ വിധി.

കാണാതായ സഹോദരിയെ കണ്ടെത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ഇലീസിനെ എത്രകണ്ട് അഭിനന്ദിക്കണം. ആരും കൂടെ ഇല്ലായിരുന്നു ആദ്യം. തുടക്കത്തില്‍ പോലീസ് സംവിധാനം പോലും മടിച്ച് നിന്നു. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതില്‍ അന്വേഷണ സംഘം വിജയിച്ചിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന ചോദ്യം ഇനിയുള്ള കാലം നമ്മെ വേട്ടയാടും. തിരക്കേറിയതും കുറ്റമറ്റ സുരക്ഷാ സംവിധാനവുമുള്ള കോവളം മേഖലയില്‍ ഇത് സംഭവിച്ചെങ്കില്‍ തിരക്ക് കുറഞ്ഞ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ എത്രത്തോളം സുരക്ഷിതരാണ്.

ലാത്‌വിയന്‍ സ്വദേശിയും അയര്‍ലെന്‍ഡില്‍ താമസക്കാരിയുമായ മുപ്പത്തിമൂന്നുകാരി സഹോദരി ഇല്‍സിക്കൊപ്പമാണ് കേരളത്തിലെത്തുന്നത്. ഫെബ്രുവരിയില്‍ കേരളത്തിലെത്തി ആലപ്പുഴ, കൊല്ലം, വര്‍ക്കല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരുവനന്തപുരത്തെത്തുന്നത്. പോത്തന്‍കോട് ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ മാര്‍ച്ച് 14 ന് കാണാതാകുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് താമസസ്ഥലം വിട്ടിരുന്നത് എന്നതിനാല്‍ കേരളത്തില്‍ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തിരച്ചിലും തുടങ്ങി. പോലീസിന്റെ സഹായത്തോടെയും സ്വന്തം നിലയിലുമെല്ലാം പലദേശങ്ങളില്‍ തിരച്ചില്‍ നടത്തി. കാണാതായ യുവതിയുടെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പലതെരുവുകളിലും പതിച്ചു. മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ നല്‍കി കണ്ടെത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി പോലീസ് അന്വേഷണം ത്വരിതപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസും അന്വേഷണം നടത്തി.

കടലിലും കരയിലും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പൂന്തുറക്ക് അടുത്ത് പനത്തുറയിലെ ചെന്തിലാക്കരിയില്‍ കരമനയാറ്റിലെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ ശേഷം നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് പലവിവാദങ്ങളുണ്ടായി. വാദവും പ്രതിവാദവും ഉയര്‍ന്നു. പോലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ടായി. വിവാദങ്ങള്‍ക്കപ്പുറം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള നടപടികളാണ് ആവശ്യം.

ഭാര്യയുടെ ചിത്രമടങ്ങിയ പോസ്റ്റുമായി ആന്‍ഡ്രൂസ്‌

ഐ ടി പോലെ തന്നെ കേരളത്തില്‍ വളര്‍ച്ച നേടുന്ന മേഖലയാണ് ടൂറിസം വ്യവസായം. 2017 ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ ്‌കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39 ശതമാനം കൂടുതല്‍. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017 ല്‍ കേരളത്തില്‍ എത്തിയത്. 2016 ല്‍ ഇത് 1.31 കോടിയായിരുന്നു. 2017 ല്‍ ടൂറിസത്തില്‍ നിന്ന് 33,383 കോടിയാണ് കേരളത്തിന് ലഭിച്ചത്. 88,832 കോടിയുടെ വിദേശ നാണ്യവും നേടിതന്നു. വിദേശ സഞ്ചാരികളുടെ എണ്ണം 20 ലക്ഷമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രണം നടത്തുമ്പോഴാണ് ഇങ്ങിനെയൊരു ദാരുണ സംഭവം നടക്കുന്നത്. കടലും കായലും കാടും മലയും എല്ലാമുള്ള കേരളത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ടൂറിസം രംഗത്തെ നമ്മുടെ മുതല്‍ക്കൂട്ട്. വിദേശ സഞ്ചാരികളും ആഭ്യന്ത ടൂറിസ്റ്റുകളും തങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ കാണുന്നത് ഇതു കൊണ്ടാണ്.

തുറന്നുവെക്കുന്ന കാഴ്ചപ്പരപ്പിനൊപ്പം കുലീനമായ കേരളത്തിന്റെ ആതിഥേയത്വത്തിന്റെ പാരമ്പര്യവും കൂടിയാണ് നമ്മുടെ ടൂറിസം മേഖലയുടെ മാറ്റ്. ദൈവത്തിന്റെ സ്വന്തം നാടെന്ന തലക്കെട്ടിന് ഇത്രമേല്‍ പ്രചാരം ലഭിച്ചതും മറ്റൊന്നുകൊണ്ടുമല്ല. ഈ അനുകൂല സാഹചര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കോവളത്ത് ആണ് ഈ കൊലപാതകം എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളം സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ലെന്ന പ്രതിച്ഛായ വന്നാല്‍ പിന്നെ ടൂറിസം വ്യവസായം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇപ്പോള്‍ തന്നെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് കേരളത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നുണ്ട്. സംസ്ഥാനത്തിന് വര്‍ഷം തോറും നേടിതരുന്ന 25,000 കോടിയിലേറെ രൂപക്കൊപ്പം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന ടൂറിസം മേഖലയില്‍ അതിനനുസരിച്ചുള്ള സുരക്ഷിതത്വം കൂടി നല്‍കാന്‍ നമുക്ക് കഴിയണം.

ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്ക് അയവ് തേടാന്‍ വലിയ പണം മുടക്കിയെത്തുന്ന സഞ്ചാരികളുടെ മുടക്കുമുതല്‍ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന സ്വീകരണമാണ് കേരളത്തില്‍ നിന്ന് കിട്ടേണ്ടത്. ടൂറിസം മാര്‍ക്കറ്റിംഗില്‍ കേരളം നല്ലരീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പല വഴികളും സ്വീകരിക്കുന്നു. ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റുകളുടെ ഹോം പേജുകളില്‍ നിന്ന് ടൂറിസം കേന്ദ്രങ്ങളുടെ നിരത്തുകളിലേക്ക് ഇറങ്ങിയാല്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പലതും പാഴ്‌വാക്കാണോയെന്ന് തോന്നിപോകുന്നതാണ് നിലവിലെ സാഹചര്യം.

കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ പല കേന്ദ്രങ്ങളിലുമെത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിക്കുന്നു. മൂടിയില്ലാത്ത അഴുക്കുചാലുകളില്‍ വീണ് പോകുന്ന അവസ്ഥ വരെയുണ്ട്. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തത, ഗതാഗതകുരുക്ക് തുടങ്ങിയ പതിവ് പ്രശ്‌നങ്ങള്‍ വേറെയും. ലാഭം എന്നതില്‍ നിന്ന് കൊള്ളലാഭമുണ്ടാക്കാന്‍ ഇറങ്ങിതിരിച്ച ചില ടൂറിസം സംരംഭകരുടെ ചൂഷണം വേറെയും. ഇതിനെല്ലാമപ്പുറം സഞ്ചാരികളെ പീഡിപ്പിക്കാനും മറ്റുരീതിയില്‍ ബുദ്ധിമുട്ടിക്കാനും ഇറങ്ങി തിരിച്ച ഒരു വിഭാഗം സാമൂഹ്യവിരുദ്ധര്‍. ഇത് ആത്മപരിശോധനക്കുള്ള സമയം കൂടിയാണ്.
കോവളത്ത് തന്നെ വികസിപ്പിക്കേണ്ട മേഖലകള്‍ ഏറെയുണ്ട്. ആരോഗ്യ ടൂറിസം വലിയ കുതിച്ച് ചാട്ടം നടത്തുമ്പോള്‍ ഈ രംഗത്ത് ഒരു നിയന്ത്രണവുമില്ലാതെ മുളച്ച് പൊങ്ങുന്ന സ്ഥാപനങ്ങളെ തടയണം. സര്‍ക്കാറിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടുകള്‍ മുതല്‍ ഹോംസ്‌റ്റേ വരെയുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

പരിശീലനമോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഗൈഡുകളെ അനുവദിക്കരുത്. സഞ്ചാരികളെ ചൂഷണം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇവരാണ്. ഇത്തരം ആളുകളെ കേന്ദ്രീകരിച്ചാണ് ടൂറിസം രംഗത്ത് നിലനില്‍ക്കുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളെ ലഹരികളിലേക്ക് ആകര്‍ഷിക്കുന്നതും വലിയ തുക ഈടാക്കി ഇതൊക്കെ എത്തിച്ച് നല്‍കുന്നതും ഇത്തരം ആളുകളാണ്. കോവളം സംഭവത്തില്‍ അറസ്റ്റിലായ പ്രതികളും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന കാര്യം ഇതോട് ചേര്‍ത്ത് വായിക്കണം. ആര്‍ക്കും ആയുര്‍വേദ കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന സാഹചര്യം ഉണ്ടാകരുത്. നമ്മുടെ അതിഥികളായെത്തുന്ന വിദേശികളും സ്വദേശികളുമായവര്‍ക്കെല്ലാം പൂര്‍ണസുരക്ഷ ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രധാനകേന്ദ്രങ്ങളിലെല്ലാം പോലീസ് സുരക്ഷ ഉറപ്പാക്കണം.

കോവളം തീരത്തോട് ചേര്‍ന്ന പല ഭാഗങ്ങലളും വിജനമായ പ്രദേശങ്ങളാണ്. കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലും അധികമാരും ശ്രദ്ധിക്കാത്ത ഒരു മേഖലയാണ്. കോവളം ബീച്ചില്‍ തന്നെ ധാരാളം ഊടുവഴികളുണ്ട്. ഇവിടെയൊക്കെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ഇതോടൊപ്പം സഞ്ചാരികള്‍ പൊതുവായി അനുഭവിക്കുന്ന മറ്റു ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകണം. നേരത്തെ സൂചിപ്പിച്ച മാലിന്യപ്രശ്‌നം ഇതില്‍ പ്രധാനമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം അതാത് സമയം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഒപ്പം, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശുചിമുറികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ സ്ഥാപിക്കുകയും അത് വൃത്തിയായി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം. ശുചിമുറികളുടെ അപര്യാപ്തതയാണ് പലപ്പോഴും മാലിന്യ പ്രശ്‌നം രൂക്ഷമാക്കുന്നത്. ഇതുപോലെ സഞ്ചാരികളെ ദുരിതത്തിലാക്കുന്നതാണ് കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍. ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന ആവശ്യം പലഘട്ടങ്ങളിലും ഉയര്‍ന്നുവരാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ഗൗരവത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിത്. വരുന്ന ദിവസം തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പ്രത്യേക ഉന്നതതലയോഗവും ചേര്‍ന്നുകഴിഞ്ഞു.

എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഉണ്ടാകേണ്ടത്. ഇനിയൊരു സഞ്ചാരിയും നമ്മുടെ നാട്ടില്‍ കൊല്ലപ്പെടരുതെന്ന് മാത്രമല്ല, അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നോക്കാനുള്ള ജാഗ്രതയാണ് വേണ്ടത്.