Connect with us

Kerala

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ സംസ്ഥാന ഗവര്‍ണറോട് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത ഉത്തരവ്, ബില്‍ പരിഗണിക്കുന്നതിന് തടസ്സമല്ലെന്നു വ്യക്തമാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. അതേസമയം, ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ വിശദമായി ജൂലൈ മൂന്നാം വാരം വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

കോടതി വിധിക്ക് പിന്നാലെ ബില്‍ തയ്യാറാക്കിയ സര്‍ക്കാറിന്റെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും വ്യക്തമാക്കി. അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശവും കോടതി ഇന്നലെ നടത്തി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളുടെ അനധികൃത പ്രവേശനം സാധൂകരിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഉത്തരവുള്ളതുകൊണ്ടാണ് നിയമസഭ പാസ്സാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ പരിഗണിക്കാത്തതെന്ന് സര്‍ക്കാര്‍ വാദിച്ചു. അതിനാല്‍ സ്റ്റേ ഉത്തരവ് ബില്‍ പരിഗണിക്കുന്നതിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കണമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും ബഞ്ച് നിരീക്ഷിച്ചു.

റിട്ട് ഹരജി ജൂലൈ ആദ്യവാരം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. എന്നാല്‍, കേസ് അടുത്ത ആഴ്ച തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാറും മാനേജ്മെന്റുകളും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. ജൂലൈയില്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ കോടതി ഉറച്ചുനിന്നു. തുടര്‍ന്നും അഭിഭാഷകര്‍ ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബഞ്ച് രംഗത്തെത്തി.

മുമ്പൊരിക്കലും ഇല്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശം. ഒരൊറ്റ അമ്പ് കൊണ്ട് എല്ലാവരെയും കൊല്ലാനാണ് അഭിഭാഷകരുടെ ശ്രമമെന്ന് ബഞ്ച് പറഞ്ഞു. കോടതി ഉണ്ടെങ്കിലെ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് മനസ്സിലാക്കണം. ഇത്തരത്തില്‍ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ ഒരു സ്ഥാപനത്തെയാണ് ഇല്ലാതാക്കുന്നതെന്നും ബഞ്ച് ഓര്‍മിപ്പിച്ചു.

“അഭിഭാഷകര്‍ ടി വി ചാനലുകളില്‍ പോയി കോടതി നടപടികളെ പറ്റി വായില്‍ തോന്നിയത് പറയുകയാണ്. ദിനം പ്രതി ഇതാണ് നടക്കുന്നത്. ഇതെല്ലാം കണ്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിരിക്കുന്നു. കോടതി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും കോടതി പറഞ്ഞു.

 

Latest