Connect with us

Kerala

അപകടാവസ്ഥയിലായ പാലങ്ങള്‍ പുനര്‍നിര്‍മിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടാവസ്ഥയിലായ 158 പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നു. പുനര്‍നിര്‍മിക്കേണ്ട പാലങ്ങള്‍ അടിയന്തിരമായി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും സ്‌ട്രെക്ചറല്‍ ഡിസൈന്‍ പൂര്‍ത്തീകരിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടൊപ്പം 222 പാലങ്ങള്‍ പുനരുദ്ധാരണം നടത്തി ബലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഏനാത്ത് പാലത്തിന്റെ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പിന് കീഴിലുളള എല്ലാ പാലങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളും, കാലപ്പഴക്കവും, ഉറപ്പും, അപകടസ്ഥിതിയും സംബന്ധിച്ച് പരിശോധനക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അനുശാസിക്കുന്ന വിധത്തില്‍ പാലങ്ങളുടെ അടിത്തറ, പിയറുകള്‍, അബട്ട്‌മെന്റുകള്‍, ഡെക്സ്ലാബുകള്‍, എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍, ബെയറിംഗുകള്‍, കൈവരികള്‍, പാലത്തിന്റെ കാലപ്പഴക്കം, പുഴയുടെ അടിത്തട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്നിവ വിശദമായി പരിശോധിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും എന്‍ജിനീയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.

ചെറിയ കലുങ്കുകള്‍ ഒഴികെ സംസ്ഥാനത്തെ 2,249 പാലങ്ങളുടെ പരിശോധന പൂര്‍ത്തീകരിച്ചതില്‍ 603 പാലങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കണ്ടെത്തല്‍. 1,281 പാലങ്ങള്‍ക്ക് സാധാരണ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും, 365 പാലങ്ങള്‍ക്ക് വിശദമായ സാങ്കേതിക പരിശോധന ആവശ്യമാണെന്നും കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയ 365 പാലങ്ങളും കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ നിര്‍മിക്കേണ്ട പാലങ്ങള്‍ കണ്ടെത്തിയത്. നൂറുവര്‍ഷത്തിലധികം കാലപ്പഴക്കമുളള 10 പാലങ്ങളുണ്ടെന്നും, 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച 128 പാലങ്ങളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

2017-18 സാമ്പത്തികവര്‍ഷം 37 പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 2,270 ലക്ഷം രൂപ ചെലവ് വരുന്ന ആറ് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും 1715 ലക്ഷം രൂപ ചെലവ് വരുന്ന രണ്ട് പാലങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നുമുണ്ട്. 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 4,731 ലക്ഷം രൂപക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 70263 കോടി രൂപക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

പുനര്‍നിര്‍മിക്കേണ്ട ബാക്കി പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷനും ഡിസൈനും പൂര്‍ത്തീകരിച്ച് ഡി പി ആര്‍ തയ്യാറാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പാലങ്ങള്‍ക്ക് മാത്രമായി ഒരു ചീഫ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest