റമസാനില്‍ ലുലു ഗ്രൂപ് 40 ലക്ഷം ദിര്‍ഹമിന്റെ ഷോപ്പിംഗ് കാര്‍ഡുകള്‍ സൗജന്യമായി നല്‍കും

Posted on: May 9, 2018 10:09 pm | Last updated: May 9, 2018 at 10:09 pm
ലുലു ഗ്രൂപ്പ് ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മുഖേന നല്‍കുന്ന സൗജന്യ ഷോപ്പിംഗ് കാര്‍ഡുകളുടെ മാതൃക ഇബ്‌റാഹീം ബൂ മില്‍ഹ, എം എ യൂസുഫലി, എം എ സലീം, സാലിഹ് സാഹിര്‍ അല്‍ മസ്‌റൂഇ, മര്‍വാന്‍ അബ്ദുല്‍ കരീം ജുല്‍ഫാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു

ദുബൈ: റമസാന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മുഖേന 40 ലക്ഷം ദിര്‍ഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തും.

ലുലു ചെയര്‍മാന്‍ എം എ യൂസുഫലിയും ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹയും സംയുക്തമായി ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. എല്ലാ വര്‍ഷവും ഫൗണ്ടേഷനുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താറുണ്ടെങ്കിലും ഇത്തവണ തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നു യൂസുഫലി ചൂണ്ടിക്കാട്ടി. യു എ ഇ യിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഷോപ്പിംഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. റമസാനില്‍ 6000 ലധികം കുടുംബങ്ങള്‍ക്ക് കാര്‍ഡ് ലഭിക്കും. ഇത് പതിനൊന്നാം വര്‍ഷമാണ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷനുമായി ചേര്‍ന്ന് റമസാനില്‍ സഹായ പദ്ധതി നടപ്പാക്കുന്നത്. ഇതേ വരെ 3. 2 കോടി ദിര്‍ഹമിന്റെ ഷോപ്പിംഗ് കാര്‍ഡുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം യു എ ഇ ക്കു പുറത്തും ഫൗണ്ടേഷന്‍ സഹായം എത്തിക്കാറുണ്ട്. ലുലു കാര്‍ഡുകള്‍ യു എ ഇ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുമെന്ന് യൂസുഫലി പറഞ്ഞു.

ഇത്തവണ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് ഇബ്രാഹിം ബൂമില്‍ഹ അറിയിച്ചു. ലുലു ഗ്രൂപ്പിനോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്. റമസാനില്‍ അര്‍ഹരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനു ധാര്‍മികവും ഭൗതികവുമായ പിന്തുണ നല്‍കുന്ന ശൈഖ ഹിന്ദ് ബിന്‍ത് ജുമാ അല്‍ മക്തൂമിനോട് കടപ്പാടുണ്ട്. ആറായിരം കുടുംബങ്ങള്‍ക്ക് സ്മാര്‍ട് കാര്‍ഡുകള്‍ വഴി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യം ചെയ്തു കൊടുക്കുകയാണെന്നും ഇബ്രാഹിം ബൂമില്‍ഹ ചൂണ്ടിക്കാട്ടി. റമസാന്‍ ചാരിറ്റി ഗിഫ്റ്റ് കാര്‍ഡിന്റെ മാതൃക വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ സാലിഹ് സാഹിര്‍ അല്‍ മസ്റൂയി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം എ സലിം, കറക്ഷന്‍ എസ്റ്റാബ്ലിഷ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മര്‍വാന്‍ അബ്ദുല്‍ കരീം ജുല്‍ഫാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.