ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എവി ജോര്‍ജിനെ ചോദ്യം ചെയ്യുന്നു

Posted on: May 9, 2018 6:14 pm | Last updated: May 10, 2018 at 9:35 am

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യുന്നു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വൈകുന്നതിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതിചേര്‍ക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ഉച്ചക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂര്‍ പിന്നിട്ടു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പടികൂടിയത് എസ്പിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫ് സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു. താന്‍ എസ്പിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമും അന്വേഷണ സംഘത്തെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ വീടാക്രമണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വാസുദേവന്റെ മകന്റെ വ്യാജ മൊഴി തയ്യാറാക്കിയത് സംബന്ധിച്ച് എസ്പി ജോര്‍ജിന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.