പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമെന്ന് മോദി

Posted on: May 9, 2018 3:20 pm | Last updated: May 9, 2018 at 4:39 pm

ബെംഗളൂരു: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശത്തോളം ഉയരത്തിലുള്ള ധാര്‍ഷ്ട്യമാണ് രാഹുലിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.

പരിചയസമ്പന്നരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രിപദം കാത്തിരിക്കുന്നുണ്ട്. അവരെയൊക്കെ തട്ടിമാറ്റി പ്രധാനമന്ത്രിയാകുമെന്ന് രാഹുലിന് എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ചോദിച്ച മോദി അങ്ങനെ ഒരാള്‍ പറയണമെങ്കില്‍ അയാളുടെ അഹങ്കാരം വാനോളം ഉയര്‍ന്നിട്ടുണ്ടാകണണെന്നും പറഞ്ഞു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി വിരുദ്ധരെ കൂട്ടുപിടിച്ച് യോഗങ്ങളും മറ്റും നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് രാഹുല്‍ സ്വയം പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

കര്‍ണാടക ഇന്ത്യയുടെ അഭിമാനമാണെന്നും എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലില്‍ മോദി കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൈയിലെ റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന പാവ ആയിരുന്നു മന്‍മോഹനെന്ന് മോദി പരിഹസിച്ചു.

ബെംഗളൂരുവില്‍ പ്രമുഖ വ്യക്തികളുമായി നടത്തിയ സംവാദ പരിപാടിയില്‍ സംസാരിക്കവേയാണ് രാഹുല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയത്. 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിപദം അലങ്കരിക്കാനുള്ള സന്നദ്ധത രാഹുല്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെ പ്രധാനമന്ത്രിപദത്തിലേറാനുള്ള ആഗ്രഹം രാഹുല്‍ പ്രകടിപ്പിച്ചിരുന്നു.