എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് നാളെ

Posted on: May 9, 2018 12:51 pm | Last updated: May 9, 2018 at 12:51 pm

കോഴിക്കോട്: ലഹരി മാഫിയകളെ പിടിച്ച് കെട്ടുക, കുറ്റിവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തുക എന്ന മുദ്രാവാക്യവുമായി എസ് വൈ എസ് നാളെ മുഴുവന്‍ ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ഒരു മാസത്തെ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് മാര്‍ച്ച്.

ലഹരിയുടെ വ്യാപനത്തിലും ഉപയോഗത്തിലും കേരളം ബഹുദൂരം മുന്നിലാണെന്ന വസ്തുതയും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടം കേരളത്തില്‍ നടക്കുന്നുവെന്നതും അധികൃതര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും എന്‍ ഡി പി എസ് ആക്ട് ശക്തമായ നിയമമാണെങ്കിലും അതിന്റെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കാരണം ലഹരി മാഫിയക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മടിക്കുന്നുണ്ടെന്നും എസ് വൈ എസ് നേതൃത്വം വ്യക്തമാക്കി.

ലഹരി നിയമത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുക, ലഹരിയുടെ അളവിലെ പഴുതുകള്‍ കര്‍ശനമാക്കുക, വിദ്യാലയങ്ങളില്‍ നിയമപാലകരുടെ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം, കുടുംബസഭ, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രതിരോധവലയം, ഡോക്യുമെന്ററി, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവയും നടന്നു.

കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് കലക്ടറേറ്റ് മാര്‍ച്ചിന് അന്തിമ രൂപം നല്‍കി. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.