ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീം കോടതിയില്‍

Posted on: May 9, 2018 12:50 pm | Last updated: May 9, 2018 at 2:49 pm

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചു. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ ആന്വേഷണം വേണമെന്നും അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിന്റെ പേരില്‍ നമ്പി നാരായണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിബിഐയെ അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്നും വീട് വിറ്റിട്ടായാലും അവര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്നും കോടതി നീരീക്ഷിച്ചു.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസിനെതിരെ ഉള്‍പ്പെടെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടരവേയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഹരജിയില്‍ ഉച്ചക്ക് ശേഷവും വാദം തുടരും.