മോദിയുടെ പ്രസംഗം വിശപ്പ് മാറ്റില്ല: സോണിയ

Posted on: May 9, 2018 6:16 am | Last updated: May 8, 2018 at 11:16 pm

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നാട്യക്കാരനാണെന്ന് യു പി എ അധ്യക്ഷ സോണിയ ഗാന്ധി. കര്‍ണാടകയിലെ ബീജാപൂരില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. മോദി സംസാരിക്കുന്നത് നടനെ പോലെയാണ്. വലിയ വാഗ്മിയാണ് മോദി. എന്നാല്‍, പ്രസംഗങ്ങള്‍ കൊണ്ട് വിശപ്പ് മാറ്റാന്‍ കഴിയില്ല. അതിന് ഭക്ഷണം തന്നെ വേണം- സോണിയ പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് സോണിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംബന്ധിക്കുന്നത്.
കര്‍ണാടകയില്‍ കര്‍ഷകര്‍ വരള്‍ച്ച മൂലം ദുരിതത്തിലാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മോദിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍, പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചില്ല. കര്‍ഷകരെ മാത്രമല്ല കര്‍ണാടകയിലെ ജനതയെ ഒന്നടങ്കമാണ് മോദി ഇതിലൂടെ അപമാനിച്ചത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വരള്‍ച്ചാ ദുരിതാശ്വാസം നല്‍കിയെങ്കിലും കര്‍ണാടകക്ക് അനുവദിച്ചത് തുച്ഛമാണ്. കര്‍ഷകരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലുള്ള നടപടിയാണിത്. ഇതാണോ മോദിയുടെ ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന് സോണിയ ചോദിച്ചു.