Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിന് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചത് ആരെന്ന് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണിത്. ഹരജി പരിഗണിക്കും മുമ്പ് ഭരണഘടന ബഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് കോടതി ഉത്തരവിലൂടെയാണോയെന്നും എങ്കില്‍ ഉത്തരവ് കാണണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും നിലപാടെടുത്തു.

ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിന് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവരാണ് അംഗങ്ങളായിരുന്നു. മുതിര്‍ന്ന അഞ്ച് ജഡ്ജിമാരെ ഒഴിവാക്കിയാണ് ജസ്റ്റിസ് സിക്രി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഹരജി പരിഗണിക്കാന്‍ രൂപവത്കരിച്ചത്. നേരത്തെ, ദീപക് മിശ്രക്കെതിരെ പരസ്യ പ്രതികരണവുമായെത്തിയ ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള ജസ്റ്റിസുമാരെയാണ് ഒഴിവാക്കിയത്.

സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ ജസ്റ്റിസ് സിക്രി ആറാമതും ജസ്റ്റിസ് ബോബ്‌ഡെ ഏഴാമതും ജസ്റ്റിസ് രമണ എട്ടാമതും ജസ്റ്റിസ് അരുണ്‍ മിശ്ര ഒമ്പതാമതും ജസ്റ്റിസ് ഗോയല്‍ പത്താമതുമാണ്. ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗങ്ങളായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷാദ്‌റെ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി പിന്‍വലിച്ചതിനാല്‍ കേസ് തള്ളിയതായി സുപ്രീം കോടതി അറിയിച്ചു.

Latest