വിദ്യാര്‍ഥി സമരം: അലിഗഢ് സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: May 8, 2018 6:14 am | Last updated: May 8, 2018 at 12:21 am
ആര്‍ എസ് എസ് അതിക്രമത്തില്‍ യൂനിവേഴ്‌സിറ്റി ഗേറ്റിന് മുമ്പില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നുള്ള സമരം ശക്തമായതോടെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 12 വരെയുള്ള പരീക്ഷകളാണ് നീട്ടിവെച്ചത്.

ജിന്നയുടെ ഛായാചിത്രം നീക്കം ചെയ്യണെമന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് അനുകൂല സംഘടനകള്‍ ക്യാമ്പസില്‍ അക്രമം നടത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. സമരത്തിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും അലീഗഢ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്.

സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഛായാ ചിത്രവുമായി ബന്ധപ്പെട്ട് വിവാദത്തിന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബോഡി അംഗമായി പ്രവര്‍ത്തിച്ചിരുന്ന ബി ജെ പി എംപിയായ സതീഷ് ഗൗതമാണ് തുടക്കമിട്ടിരുന്നത്. വിഷയത്തില്‍ വീശദീകരണം തേടി സതീഷ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ താരീഖ് മന്‍സൂറിന് കത്തയക്കുകയായിരുന്നു. എന്നാല്‍, മുഹമ്മദലി ജിന്ന സര്‍വകലാശാലയുടെ സ്ഥാപക അംഗമാണെന്ന വിശദീകരണമായിരുന്നു സര്‍വകലാശാല അധികൃതര്‍ നല്‍കിയത്.

ഇന്ത്യന്‍ വിഭജനത്തിന് മുമ്പായിരുന്നു ജിന്നക്ക് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആര്‍ എസ് എസ് അനുകൂല സംഘടനയായ ഹിന്ദുവാഹിനി ക്യാമ്പസില്‍ കയറി അക്രമം അഴിച്ചുവിട്ടത്.
അതേസമയം, സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബോഡി അംഗമായി പ്രവര്‍ത്തിച്ചിരുന്ന ബി ജെ പി. എം പി സതീഷ് ഗൗതം ഇപ്പോള്‍ ഇക്കാര്യം ഉന്നയിക്കുന്നതിന് പിന്നില്‍ ഗുഢ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയില്‍ അംഗമായിരുന്ന സമയത്ത് ഉന്നയിക്കാത്ത പ്രശ്‌നം ഇപ്പോള്‍ എങ്ങിനെ ഉണ്ടായി എന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നുണ്ട്.