ഭരണം കോണ്‍ഗ്രസിനെന്ന് ശിവസേന

Posted on: May 8, 2018 6:14 am | Last updated: May 7, 2018 at 11:49 pm

ബെംഗളൂരു: കര്‍ണാടകയിലെ ഒന്നാം നമ്പര്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് വിധിയെഴുതി ദേശീയതലത്തില്‍ എന്‍ ഡി എയുടെ ഭാഗമായ ശിവസേന രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും പതിനെട്ടടവ് പയറ്റിയാലും തിരഞ്ഞടുപ്പ് ഫലം ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു. തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിനെ അനുകൂലിച്ച് ശിവസേനയുടെ രംഗപ്രവേശം.

മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായുള്ള സഖ്യം തുടരുമെന്നും എന്നാല്‍, 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ എന്‍ ഡി എ സഖ്യകക്ഷിയായി തുടരുമെന്ന് അര്‍ഥമാക്കേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

കര്‍ണാടക തിരഞ്ഞടുപ്പില്‍ ഭരണം പിടിക്കാന്‍ മോദിയും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കൂടുതല്‍ സമയം കര്‍ണാടകയില്‍ ചെലവഴിക്കുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ഇതെല്ലാം രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും എം പി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന മികവില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ ഇന്നെത്തും

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തും. ബീജാപൂരില്‍ ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പ്രസംഗിക്കും. പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ആവേശം സൃഷ്ടിക്കാന്‍ സോണിയയുടെ കര്‍ണാടക പര്യടനത്തിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.
ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സോണിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സമീപകാലത്താണ് മകന്‍ രാഹുലിന് വേണ്ടി പാര്‍ട്ടി അധ്യക്ഷ സ്ഥാനം അവര്‍ ഒഴിഞ്ഞുകൊടുത്തത്.

കര്‍ണാടകയില്‍ വീണ്ടും ജയിച്ചുകയറേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് വര്‍ഷത്തിന് ശേഷമുള്ള സോണിയാ ഗാന്ധിയുടെ രംഗപ്രവേശം. രാഹുല്‍ മാസങ്ങളായി പ്രചാരണരംഗത്തുണ്ട്.